എണ്ണക്കമ്പനി​കൾ പി​ടി​മുറുക്കുന്നു പമ്പുകൾക്ക് ഇന്ധനം 'റേഷൻ' കണക്കി​ൽ!

Sunday 03 May 2026 12:29 AM IST

ഇന്ധന വിതരണം രണ്ട് ദിവസത്തിലൊരിക്കൽ

കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ, പമ്പുകൾക്ക് ഇന്ധനം നൽകുന്നത് രണ്ട് ദിവസത്തിലൊരിക്കലാക്കി പൊതുമേഖലാ എണ്ണക്കമ്പനികൾ. അതിന് പുറമേ നിർമ്മാണ കമ്പനികൾ, ടാർ മിക്സിംഗ് പ്ലാന്റുകൾ എന്നിവയ്ക്ക് ഡീസൽ നൽകുന്നതിലും ഒരു ഉപഭോക്താവിന് നൽകുന്ന ഇന്ധനത്തിന്റെ അളവിലും നിയന്ത്രണം ഏർപ്പെടുത്തി.

നേരത്തെ പമ്പ് ഉടമകൾ ആവശ്യപ്പെടുന്നതിന് മുൻപേ ഓട്ടോമേഷൻ സംവിധാനം ഉപയോഗിച്ച് സ്റ്റോക്ക് പരിശോധിച്ച് കമ്പനികൾ ലോഡ് അയയ്ക്കുമായിരുന്നു. ഇപ്പോൾ പമ്പ് ഉടമകൾ ആവശ്യപ്പെട്ടാലും സ്റ്റോക്ക് വളരെ കുറവുള്ള പമ്പുകളെ മാത്രമാണ് പരി​ഗണി​ക്കുന്നത്. നേരത്തെ അവധി ദിവസങ്ങളിലും ഇന്ധനം നൽകുമായിരുന്നു. ഇപ്പോൾ ഒന്നിടവിട്ട ദിനങ്ങളിൽ ഇന്ധനം നൽകുന്നതിനിടെ അവധി വന്നാൽ പമ്പുകളിലെ സ്റ്റോക്ക് തീരുന്ന അവസ്ഥയാണ്. ഒരു പമ്പിലെ സ്റ്റോക്ക് തീരുന്നത് മറ്റ് പമ്പുകളെ ബാധിക്കും. വാഹനങ്ങൾ കൂട്ടത്തോടെ സ്റ്റോക്കുള്ള പമ്പുകളിലേക്ക് എത്തുന്നതോടെ അവിടെയുള്ള ഇന്ധനവും വേഗത്തിൽ തീരുന്ന അവസ്ഥ.

വമ്പൻ പദ്ധതികൾ അവതാളത്തി​ൽ

ഇന്ധന വിതരണത്തിൽ നിയന്ത്രണം വന്നത് ദേശീയപാത അടക്കമുള്ള വമ്പൻ നിർമ്മാണ പ്രവർത്തനങ്ങളെയും ബാധിക്കും. നിർമ്മാണ മേഖലയി​ലെ വാഹനങ്ങളിൽ നിറയ്ക്കാൻ വലിയ അളവിൽ ഒരുമിച്ചാണ് ഇന്ധനം വാങ്ങുന്നത്. അതിന് നിയന്ത്രണം വന്നത് വൻകിട പദ്ധതികളുടെ വേഗത്തെ ബാധിക്കും. ടാർ മിക്സിംഗ് പ്ലാന്റുകൾക്ക് ഡീസൽ ലഭിക്കാതെ വരുന്നത് ദേശീയപാതയുടെ അടക്കം ടാറിംഗിനെയും ബാധിക്കും.

അവധിദിനത്തിന്റെ തൊട്ടടുത്ത ദിവസം ഭൂരിഭാഗം പമ്പുകളിലെയും ഇന്ധന സ്റ്റോക്ക് കുത്തനെ ഇടിയുകയാണ്. ഏതെങ്കിലും ഒരു പമ്പിൽ സ്റ്റോക്ക് കുറയുന്നത് തൊട്ടടുത്ത പമ്പുകളിലെ സ്റ്റോക്ക് വേഗത്തിൽ തീരുന്ന അവസ്ഥ സൃഷ്ടിക്കും

പമ്പ് ഉടമ