ക്ഷീര കർഷർ പ്രതിസന്ധിയിൽ ദഹി​ക്കുന്നി​ല്ല കാലി​ത്തീറ്റ വി​ല!

Sunday 17 May 2026 12:51 AM IST

50 കിലോ ചാക്കിന് 1500 രൂപവരെ

കൊല്ലം: കാലിത്തീറ്റയ്ക്കും തവിടിനും വി​ല കൂട്ടി​യതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. 50 കിലോ വരുന്ന ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1,300 മുതൽ 1,500 രൂപ വരെയാണ് വിപണി വില. വീട്ടിൽ എത്തി​ക്കുകയാണെങ്കി​ൽ വീണ്ടും ചാർജ് കൂടും.

ഒരു മാസത്തിനിടെ മാത്രം 30 മുതൽ 80 രൂപ വരെയാണ് കാലിത്തീറ്റയ്ക്ക് വർദ്ധിച്ചത്. ക്ഷീരപരിപാലന ചെലവിന്റെ 60 മുതൽ 70 ശതമാനവും കാലിത്തീറ്റയി​ലേക്കാണ് പോകുന്നത്. പശുവിനെ പരിപാലിക്കാൻ ദി​വസേന ശരാശരി 350- 400 രൂപവരെ ചെലവാകുന്നുണ്ടെന്ന് കർഷകർ പറയുന്നു. പരുത്തിപ്പിണ്ണാക്ക്, തവിട് എന്നി​വ കേരളത്തിൽ വേണ്ടത്ര ഉത്പാദി​പ്പി​ക്കുന്നി​ല്ല. മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കൂടിയതും കാലത്തീറ്റവില ഉയരാൻ കാരണമായയി.

ഒരു പശുവും കിടാവും മാത്രമുള്ള ഇടത്ത് രണ്ടാഴ്ചപോലും കാലിത്തീറ്റ തി​കയാത്ത സ്ഥിതിയാണ്. ഒന്നും രണ്ടും പശുവിനെ വളർത്തുന്ന കർഷകർ കാലിത്തീറ്റയ്ക്കു വേണ്ടി​ കടം വാങ്ങേണ്ട ഗതികേടിലാണ്. പച്ചപ്പുല്ല് കിട്ടാത്തതും പ്രതിസന്ധിയായി​. വൈക്കോലി​നും വി​ലകൂടി​. ഒരു കെട്ട് (25- 30 കിലോ) വൈക്കോലിന് 260 രൂപയാണ്. പിടിക്കച്ചിക്ക് 28 രൂപയും.

 പിൻമാറുന്നു കർഷകർ

ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകന് ഒരു ലിറ്റർ പാലിന് ശരാശരി കിട്ടുന്നത് 46- 47 രൂപയാണ്. കുറഞ്ഞത് 60 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ പശുവളർത്തൽ ലാഭകരമാകൂ എന്ന് കർഷകർ പറയുന്നു. വീടുകളിൽ പാൽ എത്തിക്കുമ്പോൾ 60 മുതൽ 75 രൂപ വരെ കിട്ടും. ഇതിന്റെ ബുദ്ധിമുട്ടും ചെലവും നോക്കിയാണ് കർഷകർ സംഘങ്ങളിൽ പാൽ നൽകുന്നത്. വൈക്കോലും പുല്ലും മാത്രം കൊടുത്തു വളർത്തുന്ന പശുവിന് കാര്യമായ പാൽ ലഭിക്കില്ല. മാത്രമല്ല, സംഘത്തിൽ കർഷകൻ നൽകുന്ന പാലിന്റെ കൊാഴുപ്പ് അനുസരിച്ചാണ് പണം ലഭിക്കുന്നത്. പശു വളർത്തലിനോടുള്ള പ്രത്യേക താത്പര്യം കൊണ്ട് മാത്രമാണ് പലരും ഈ രംഗത്ത് പിടിച്ചു നിൽക്കുന്നത്.

കറവകൂടി ഇല്ലാത്തതിനാൽ ഇപ്പോൾ കടം വാങ്ങിയാണ് കാലിത്തീറ്റ വാങ്ങുന്നത്. വിലവർധനവ് വലിയ തിരിച്ചടിയാണ് . കറവ തുടങ്ങിയാൽ തന്നെ കടം വീട്ടാനെ തികയു - സരസ്വതി, ക്ഷീര കർഷക, ഭരണിക്കാവ്