കൊല്ലം: ദേശീയപാത 66 ആറുവരിയാക്കൽ നിർമ്മാണം തടസപ്പെടുത്തി റെയിൽവേ. കല്ലുംതാഴത്തെ റെയിൽവേ ലൈനിന് കുറുകെ പുതുതായി നിർമ്മിക്കുന്ന മൂന്നുവരി പാലം നിലവിലെ രണ്ടുവരിപ്പാലത്തിൽ നിന്ന് ആറുമീറ്റർ അകലെയായിരിക്കണമെന്ന റെയിൽവേയുടെ നിർദേശം ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
കല്ലുംതാഴം റെയിൽവേ പാലത്തിന് കുറുകെ നിലവിലുള്ള റോഡിന്റെ വീതി വർദ്ധിപ്പിച്ച് മൂന്നുവരിയാക്കലും കാവനാട് നിന്ന് വരുമ്പോൾ വലതുവശത്തായി പുതിയ മൂന്നുവരി പാതയുമാണ് വരുന്നത്. ഇരുപാലങ്ങളും തമ്മിലുള്ള അകലം രണ്ട് മീറ്റർ മാത്രമുള്ള തരത്തിലാണ് ദേശീയപാത അതോറിറ്റി രൂപരേഖ തയ്യാറാക്കിയിരുന്നത്. എന്നാൽ അനുമതിക്ക് സമീപിച്ചപ്പോൾ ഇരുപാലങ്ങളും തമ്മിൽ ആറുമീറ്റർ അകലമുള്ള പുതിയ രൂപരേഖ റെയിൽവേ തിരിച്ച് നൽകുകയായിരുന്നു.
ഈ രൂപരേഖ പ്രകാരം നിർമ്മിച്ചാൽ ഇരുദിശകളിലെയും പാലത്തിലേക്കുള്ള റോഡുകളെ ബാധിക്കും. ഒന്നുകിൽ ഇരുദിശകളിലും പാലത്തിൽ നിന്ന് അര കിലോമീറ്റർ വരെ നീളത്തിൽ വലത് ഭാഗത്ത് സർവീസ് റോഡ് ഒഴിവാക്കേണ്ടി വരും. അല്ലെങ്കിൽ സർവീസ് റോഡുകൂടി നിർമ്മിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതുരണ്ടും പ്രായോഗികമല്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. അതുകൊണ്ട് തന്നെ പാലങ്ങൾ തമ്മിലുള്ള അകലം ആറ് മീറ്റർ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് കത്ത് നൽകിയിരിക്കുകയാണ്.
റോഡുകൾ പത്ത് വരി
66 ന്റെ വികസനത്തിൽ റോഡുകളിൽ ആറുവരിപ്പാതയ്ക്ക് പുറമേ ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയിൽ രണ്ടുവരി സർവീസ് റോഡ് കൂടി ഉണ്ടാകും. അങ്ങനെ പത്ത് വരിപ്പാതയാണ് ആകെ വരുന്നത്. എന്നാൽ പാലങ്ങളിൽ സർവീസ് റോഡുണ്ടാകില്ല. അതുകൊണ്ട് പാലങ്ങളിൽ ആറ് വരിപ്പാതയേ ഉണ്ടാകൂ.
പാലം പൈലിംഗ് തുടങ്ങി
നീണ്ടകര, മങ്ങാട്, നീരാവിൽ, കടവൂർ പാലങ്ങളുടെ പൈലിംഗ് ജോലികൾ തുടങ്ങി. കണ്ണേറ്റ, ഇത്തിക്കര പാലങ്ങളുടെ പൈലിംഗ് ഉടൻ ആരംഭിക്കും.
എലിവേറ്റഡ് ഫ്ലൈ ഓവറിന് അനുമതിയായില്ല
കരുനാഗപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ എലിവേറ്റഡ് ഫ്ലൈ ഓവറിനുള്ള ശുപാർശ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല.
ബൈപ്പാസിൽ വൻ കൈയേറ്റം
നേരത്തെ ഏറ്റെടുത്ത സ്ഥലം ബൈപ്പാസിൽ വ്യാപകമായി കൈയേറിയിട്ടുള്ളതായി ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ഒന്നര മീറ്റർ വരെ കൈയേറി മതിൽ നിർമ്മിച്ചിട്ടുണ്ട്. വൈകാതെ ഇവ പൊളിച്ചു നീക്കുമെന്നും എൻ.എച്ച് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |