കോട്ടയം . ചുട്ടുപൊള്ളുന്ന ചൂടിൽ കണ്ണുകൾക്കും കൊടുക്കണം അതീവ ശ്രദ്ധ. വേനൽ കടുത്തതോടെ നേത്രരോഗങ്ങളും തലപൊക്കുകയാണ്. ഏറ്റവും വ്യാപകം ചെങ്കണ്ണാണ്. അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുകയും പൊടി പടലങ്ങൾ കൂടുകയും ചെയ്യുമ്പോഴാണ് നേത്രരോഗങ്ങൾ ഉണ്ടാകുന്നത്. അലർജി,ഡ്രൈ ഐ,കൺകുരു എന്നിവയും വേനൽക്കാലത്ത് കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേർത്ത ആവരണത്തിൽ ഉണ്ടാകുന്ന അണുബാധയും തുടർന്നുണ്ടാകുന്ന നീർക്കെട്ടുമാണ് ചെങ്കെണ്ണ്. രക്തക്കുഴലുകൾ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവക്കുകയും ചെയ്യും. ബാക്ടീരിയ കാരണമുള്ള ചെങ്കണ്ണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാറും. പക്ഷേ വൈറസ് കാരണമുള്ളത് മാറാൻ രണ്ടാഴ്ചയെങ്കിലും എടുക്കും. ചിലർക്ക് പനിയും ജലദോഷവും അനുഭവപ്പെടാം. അലർജി കുട്ടികളെയാണ് അലട്ടുന്നത്. ചൊറിച്ചിൽ,ചുവപ്പ്,നീറ്റൽ,മണൽ വാരിയിട്ട പോലുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങൾ. രോഗം വന്നാൽസ് വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എളുപ്പത്തിൽ പടർന്നു പിടിക്കുന്ന രോഗമായതിനാൽ വീട്ടിൽ ഒരംഗത്തിന് രോഗം വന്നാൽ അത് എല്ലാവരെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.
കണ്ണിന് ചുവപ്പ്.
വേദന, ചൊറിച്ചിൽ.
പഴുപ്പടിഞ്ഞു പീളകെട്ടുക.
വെള്ളമൊഴുകുക.
കൺപോളകൾ വിങ്ങിവീർക്കുക
സ്വയം ചികിത്സ വേണ്ട.
ചെങ്കണ്ണ് സ്ഥിരീകരിച്ചാൽ ചികിത്സ തേടണം, വീട്ടിൽത്തന്നെ വിശ്രമിക്കണം. ശുദ്ധജലം ഉപയോഗിച്ച് കണ്ണ് ഇടക്കിടെ കഴുകണം. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുള്ളവർ കറുത്ത കണ്ണട ഉപയോഗിക്കുക. ടെലിവിഷൻ കാണുക,വായന എന്നിവ ഒഴിവാക്കണം. രോഗബാധിതർ ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്. തൂവാല ഉപയോഗിച്ചും വിരൽ കൊണ്ടും കണ്ണ് തുടക്കാതിരിക്കണം.
ആരോഗ്യവകുപ്പധികൃതർ പറയുന്നു.
രോഗം വന്നവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.തണുത്ത ശുദ്ധജലം ഉപയോഗിച്ച് ഇടക്കിടയ്ക്ക് കണ്ണുകൾ കഴുകുന്നത് നല്ലതാണ്.കൈകൾ സോപ്പിട്ട് കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യണം. കൈകളിലൂടെയാണ് പലപ്പോഴും രോഗാണു പകരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |