കോട്ടയം : മാനം പതിവിലും ആവേശത്തിൽ കത്തിജ്വലിച്ചു നിന്നെങ്കിലും മനസിലെ പൂരാവേശം തിരുനക്കരയിൽ മഴയായി പെയ്തിറങ്ങി. മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവും ഇഴചേർന്ന നിമിഷത്തിൽ പൂത്തുലഞ്ഞപ്പൂരക്കാഴ്ച കാണാൻ പുരുഷാരം തിങ്ങിനിറഞ്ഞു.
മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളവും ഇരുചേരുവാരങ്ങളിലുമായി അണിനിരന്ന ലക്ഷണമൊത്ത 22 കരിവീരന്മാരും കൂടിയായതോടെ ആവേശക്കൊടിയുടെ തുഞ്ചത്തോളമെത്തി. തിരുനക്കര ഇന്നോളം കാണാത്ത ജനസാഗരം. രാവിലെ 11 മുതൽ തന്നെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങൾ തിരുനക്കരയപ്പനെ കണ്ടു തൊഴുത് പൂരപ്രാമാണ്യം എടുത്തണിഞ്ഞിരുന്നു. കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണക്ഷേത്രം, കോടിമത പള്ളിപ്പുറത്ത് കാവ്, മുട്ടമ്പലം കൊപ്രത്ത് ദുർഗ ദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർ കുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കൊമ്പൻമാർ ആർപ്പും ആരവവുമായി ക്ഷേത്രത്തിന്റെ പടികടന്ന് എത്തിയതോടെ തിരുനക്കരയുടെ തിരുമുറ്റത്ത് പൂര ലഹരി പൂത്തുലഞ്ഞു തുടങ്ങി. വൈകിട്ടായതോടെ തിരുനക്കര പൂരശോഭയിലായി. തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിച്ചതോടെ പൂര ചടങ്ങുകൾ തുടങ്ങി. കരിവീരന്മാരെ കാണാൻ ആവേശത്തോടെ ജനം കാത്തു നിന്നു. ഗണപതിക്കോവിലിന് സമീപം കിഴക്കൻ ചേരുവാരത്തിലേക്ക് ആദ്യമിറങ്ങിയത് ഉണ്ണിമങ്ങാട് ഗണപതിയാണ്. പിന്നാലെ നിരനിരയായി ഗജവീരന്മാർ പുറത്തേക്ക്.
പടിഞ്ഞാറൻ ചേരുവാരത്ത് തിരുനക്കര തേവരുടെ സ്വർണ തിടമ്പുമായി ഭാരത് വിനോദും, കിഴക്കൻ ചേരുവാരത്ത് ഭഗവതിയുടെ തിടമ്പുമായി പാമ്പാടി രാജനും എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആർപ്പുവിളി. സന്ധ്യമയങ്ങിയതോടെ ആവേശം വാനോളമെത്തിച്ച് കുടമാറ്റം. പിന്നാലെ ആകാശത്ത് വർണവിസ്മയമൊരുക്കി വെടിക്കെട്ടും കൂടിയായതോടെ പൂരം അക്ഷരനഗരിയ്ക്ക് പുളകച്ചാർത്തേകി. മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പൂര ചടങ്ങുകളിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |