കോട്ടയം . വേനലവധിയ്ക്കായി ജില്ലയിലെ സ്‌കൂളുകൾ അടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉച്ചഭക്ഷണത്തിന് അനുവദിച്ച ഫണ്ട് കിട്ടാൻ പ്രധാനാദ്ധ്യാപകരുടെ നെട്ടോട്ടം. കൈയിൽനിന്ന് ചെലവഴിച്ച തുക മാർച്ചിലെങ്കിലും കിട്ടുമോയെന്നാണ് ഇവരുടെ ചോദ്യം. ഉച്ചഭക്ഷണ ഫണ്ട് മുടങ്ങിയിട്ട് രണ്ട് മാസമായി. സർവസാധനങ്ങൾക്കും വില വർദ്ധിച്ചപ്പോഴും ഒരു ദിവസത്തേയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച എട്ടുരൂപയാണ് ഇപ്പോഴും നൽകുന്നത്. എന്നിട്ടും ഉച്ചഭക്ഷണം ഇവർ വിളമ്പുന്നത് സമൃദ്ധമായിട്ടാണ്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുന്ന കടകളിൽ വലിയ തുക കുടിശികയായതിനാൽ പല വ്യാപാരികളും സാധനങ്ങൾ നൽകുന്നത് നിറുത്തി.
പി ടി എകൾ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ ചുമതലയായി മാറി. അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിക്ക് പുറമേയാണ് ഹെഡ്മാസ്റ്റർമാർക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും. ഒരു മാസം കുറഞ്ഞത് 15000 രൂപ കൈയിൽ നിന്ന് ഇറക്കേണ്ടി വരുമെന്നാണ് അദ്ധ്യാപകർ പരാതിപ്പെടുന്നത്.
നീറിപ്പുകഞ്ഞ് പാചകത്തൊഴിലാളികൾ
ഉച്ചഭക്ഷണമുണ്ടാക്കുന്ന പാചകത്തൊഴിലാളികളുടെ സ്ഥിതിയും കഷ്ടത്തിലാണ്. പലർക്കും ഇതുവരെ കൂലി ലഭിച്ചിട്ടില്ല. കിട്ടിയാൽ തന്നെ, പകുതിമാത്രമാണ് ലഭിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് ഇതിന്റെ ചെലവിനായി നൽകേണ്ടത്. കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസമാകുന്നെതെന്നാണ് സംസ്ഥാന സർക്കാരിന്റെ തൊടുന്യായം.
പ്രധാനദ്ധ്യാപകരുടെ വാക്കുകൾ
ഒരു കുട്ടിക്ക് നിലവിൽ 8 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം മുട്ട, ഉച്ചഭക്ഷണത്തിനൊപ്പം, ഒഴിച്ച് കറി, തോരൻ കറി നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഒരാൾക്ക് 20 രൂപ അനുവദിച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |