കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പശുക്കൾ ചാവുകയും പാലുകുറയുകയും ചെയ്തിട്ടും കാരണമറിയാതെ ജില്ലയിലെ ക്ഷീരകർഷകർ. സർക്കാർ ലാബുകളിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ലാബുകളുടെ നടപടിക്രമങ്ങൾ പൂർത്തിയായശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും കാലതാമസമെടുക്കുമെന്നുമാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നത്. അതേസമയം കമ്പനിയെ സംരക്ഷിക്കാനാണ് റിപ്പോർട്ട് വൈകിപ്പിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജനുവരി അവസാനമാണ് കെ.എസ് കാലിത്തീറ്റ കഴിച്ച കന്നുകാലികൾക്ക് ജില്ലയിൽ ആദ്യമായി വിഷബാധ റിപ്പോർട്ട് ചെയ്തത്. പശുക്കൾ ചാവുകയും വ്യാപകമായി പാലുകുറയുകയും ചെയ്തു. വയറിളക്കം,തീറ്റയെടുക്കാൻ മടി, മന്ദത തുടങ്ങിയ ലക്ഷണങ്ങളാണ് പശുക്കളിൽ കണ്ടത്. കാലിത്തീറ്റയുടെ സാമ്പിളുകളും യൂറിയ തീറ്റയുടെ ഘടകങ്ങളും കന്നുകാലികളുടെ രക്തസാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിരുന്നു. കർഷകർക്ക് നഷ്ടപരിഹാരവും പകരം കാലിത്തീറ്റയും കമ്പനി നൽകിയെങ്കിലും വിഷബാധയ്ക്ക് കാരണമെന്തെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
വില്ലനാവുന്നത് ഫംഗസ് ബാധ
കാലിത്തീറ്റയിൽനിന്ന് ഫംഗൽ വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തിരുവനന്തപുരം റീജിയണൽ ലാബിലേയും ചെന്നൈ ടോക്സിക്കോളജി ലാബിലേയും പരിശോധനാ ഫലം വന്നാലെ സ്ഥിരീകരണമുണ്ടാവൂ. ചെന്നൈ ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കാൻ ഫീസ് ഇതുവരെ സർക്കാർ അടച്ചിട്ടുമില്ല. മറ്റു ചില ലാബുകളിൽ നിന്നുള്ള പരിശോധനാഫലം വന്നെങ്കിലും കാരണം വ്യക്തമല്ല. ഈ പരിശോധനകളിൽ കാലിത്തീറ്റയിലെ പൂപ്പൽ കണ്ടെത്താനുമായിട്ടില്ല. കീടനാശിനിയുടേയും ആവണിക്കിൻ കുരുവിൽ നിന്നുള്ള വിഷമായ റെയ്സിന്റെയും സാന്നിദ്ധ്യം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റ ലാബുകളിലെ പരിശോധനാഫലത്തിനായുള്ള കാത്തിരിപ്പ്.
പശുക്കൾക്ക് പത്ത് ചാക്ക് തീറ്റ നഷ്ടപരിഹാരമായി കമ്പനി തന്നിരുന്നു. പാൽ ആദ്യം പകുതിയിലും താഴെയായി കുറഞ്ഞു. ഇതുവരെ കാരണം എന്താണെന്ന് അറിയിച്ചിട്ടില്ല
സജികുമാർ, കർഷകൻ, പാമ്പാടി
ഭക്ഷ്യവിഷബാധ ബാധിച്ചത്: 300 കന്നുകാലികളെ
ചത്തത് 2 പശുക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |