കോട്ടയം : പ്രകൃതിദുരന്തങ്ങൾ ശരേവഗത്തിൽ കൃഷിയും ഭൂമിയും നശിപ്പിക്കുമ്പോൾ കർഷകർക്കുള്ള നഷ്ടപരിഹാരം മുടന്തുന്നു. 2021 മേയ് 18 ന് ശേഷം ഇതുവരെ ഒരു രൂപ പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. ജില്ലയിൽ ഇനിയും 6.34 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. മാസങ്ങളുടെ കേന്ദ്ര വിഹിതം കുടിശികയുള്ളപ്പോൾ സംസ്ഥാന വിഹിതമാണ് പൂർണമായും മുടങ്ങിയത്. അപ്പർകുട്ടനാട്ടിലേയും മലയോരത്തേയും കർഷകരാണ് ഇതോടെ വലയുന്നത്. മഴയും വെള്ളപ്പൊക്കവും പിന്നീടുണ്ടായ വരൾച്ചയും മൂലം കോടികളുടെ കൃഷിയാണ് നശിച്ചത്. നെല്ലിന് പുറമേ വാഴ, കപ്പ, റബർ, ജാതി എന്നിവയ്ക്കാണ് ഏറ്റവുമധികം നഷ്ടം. സംഭരിച്ച നെല്ലിന്റെ പണവും കുടിശികയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് തൊടുന്യായമായി നിരത്തുന്നത്.
വിള ഇൻഷ്വറൻസും മുടങ്ങി
വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കേണ്ട സഹായവും നിലച്ചു. 2024 ഏപ്രിൽ വരെയുള്ള അപേക്ഷകർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. 2024-25 വർഷത്തെ നഷ്ടപരിഹാരത്തുക ഇനിയും ലഭ്യമായിട്ടില്ല. ഇൻഷ്വറൻസ് ചെയ്യാൻ സാധിക്കാതെ പ്രകൃതി ക്ഷോഭത്തിലും മറ്റും കൃഷി നശിച്ച കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരവും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
കണക്ക് നൽകുന്നത് മിച്ചം
പ്രകൃതിക്ഷോഭത്തിൽ നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനുള്ളിൽ കൃഷി വകുപ്പിന്റെ വെബ്‌സൈറ്റായ എയിംസ് പോർട്ടലിൽ കർഷകർ പേര് രജിസ്റ്റർ ചെയ്യണം. വിളവെടുക്കാതെ കൃത്യമായ നഷ്ടം കർഷകർക്ക് തിട്ടപ്പെടുത്താനാവില്ലെങ്കിലും അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് അംഗീകാരം നേടിയ പണംപോലും സമയത്തിന് നൽകുന്നില്ല.
കൃഷിനാശ കണക്ക്
2021-22 : 1.5 ലക്ഷം
2022-23 : 2.94 കോടി
2023-24 : 46.97 ലക്ഷം
2024-25 : 1.14 കോടി
2025-26 : 30 ലക്ഷം (ഇതുവരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |