കോട്ടയം: ജില്ലയിൽ ബുധനാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലേയും തോരാതെ തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കി. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറിലും അപകടനിരപ്പിന് മുകളിലാണ് വെള്ളമൊഴുകുന്നത്. ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ്.
ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്. പമ്പായാറ്റിലും അഴുതയാറ്റിലും അപകടനിരപ്പിനു മുകളിൽ വെള്ളമെത്തിയതോടെ എരുമേലിയുടെ മലയോരത്തും അധികൃതർ ജാഗ്രതയിലാണ്. മഴയ്‌ക്കൊപ്പം എത്തുന്ന കാറ്റും വ്യാപകനാശനഷ്ടമാണ് വിതയ്ക്കുന്നത്. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ തകർന്നും ഗതാഗത തടസവും നേരിടുന്നു.
മൂക്കൻപെട്ടി കോസ്‌വേ വെള്ളത്തിൽ
അഴുതയാറ്റിലെ മൂക്കൻപെട്ടി കോസ്‌വേ വെള്ളത്തിനടിയിലായി. മൂലക്കയം, എഴുകുംമണ്ണ്, അഴുതമണ്ണി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തലായി. ഇവർക്ക് നദിയുടെ മറുകരയെത്തണമെങ്കിൽ 20 കിലോമീറ്ററിലേറെ അധികം സഞ്ചരിക്കണം. പമ്പയാറ്റിലെ മൂക്കൻപെട്ടിയും വെള്ളത്തിലാണ്. മൂന്നു വശവും വനവും ഒരു വശം പമ്പയും ഒഴുകുന്ന ഇവിടെയുള്ളവർക്ക് പുറംലോകത്ത് എത്താൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. മൂക്കൻപെട്ടിയിൽ പുതിയ പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം നീളുകയാണ്.
പടിഞ്ഞാറും കിഴക്കും ആശങ്ക
അതിശക്തമായ മഴ ഏറെ നേരം പെയ്യുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. ഇന്നലെ ഉച്ചയോടെ മീനച്ചിലാറ്റിൽ തീക്കോയി മേഖലയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉയരുകയാണ്. കലങ്ങി മറിഞ്ഞാണ് തോടുകൾ ഉൾപ്പെടെ ഒഴുകുന്നത്. വെള്ളം ഇറങ്ങി തുടങ്ങിയ പാടശേഖരങ്ങളും നിറഞ്ഞു. പടിഞ്ഞാറൻ നിവാസികളുടെ ദുരിതവും മഴ കനത്തതോടെ വർദ്ധിക്കുകയാണ്. വെള്ളം ഇറങ്ങി തുടങ്ങുമ്പോഴേയ്ക്കും വീണ്ടും കിഴക്കൻ വെള്ളം എത്തുകയാണ്. ആഴ്ചകളായി വെള്ളം മുങ്ങി കിടക്കുന്ന സ്ഥലങ്ങളിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലുണ്ട്. മഴ തുടർന്നാൽ വീണ്ടും വെള്ളം കയറുന്ന സ്ഥിതിയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |