കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ നട്ടംതിരിയുകയാണ് ഭക്ഷ്യവകുപ്പ് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി തുടങ്ങിയ 'സുഭിക്ഷ' ഹോട്ടലുകൾ. 20 രൂപ നിരക്കിൽ ഉച്ചയൂണ് നൽകിയാൽ എങ്ങനെ മുതലാകുമെന്നാണ് ഉയരുന്ന ചോദ്യം. തോരനും ഒഴിച്ചുകറിയും അച്ചാറും പപ്പടവും ഉൾപ്പെടെയുള്ള ഊണ് സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. ദിവസവും ഇരുന്നൂറോളം ഊണുവരെ പോയ ദിവസങ്ങളുണ്ട്. കുടുംബശ്രീ കൂട്ടായ്മകൾ ഏറ്റെടുത്ത് നടത്തുന്ന പദ്ധതയിൽ ഒരു ഊണിന് 5 രൂപയാണ് സർക്കാർ സബ്‌സിഡി. ഊണിന് 30 രൂപയാക്കാനുള്ള ഉത്തരവിറങ്ങിയിട്ടും കൂട്ടാൻ നടപടിയായിട്ടില്ല. പ്രഖ്യാപനം അല്പം ആശ്വാസം നൽകിയിരുന്നു. നഗരത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിന് എതിർവശത്താണ് സുഭിക്ഷം ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. എരുമേലിയിലും പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തെ സാധാരണക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ഉച്ചഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഇവിടമാണ്.
ഇല മടക്കി സർക്കാർ
കെട്ടിട വാടക, വെള്ളം, വൈദ്യുതി ബിൽ എന്നിവയ്ക്കും ഒരിളവും സർക്കാർ നൽകുന്നില്ല. പച്ചക്കറി, മീൻ, ഇറച്ചി, വെളിച്ചെണ്ണ തുടങ്ങി സകലതിനും തീവിലയാണ്. ഇതോടെ തുച്ഛമായ ലാഭത്തിലാണ് ഹോട്ടലുകളുടെ പ്രവർത്തനം.
മുന്നോട്ട് പോകണമെങ്കിൽ ഇനി രണ്ടു വഴിയേ ഉള്ളൂ. സർക്കാരിൽ നിന്ന് അവശ്യസാധനങ്ങൾക്ക് വാങ്ങുന്നതിന് സബ്‌സിഡി ലഭിക്കണം. അല്ലെങ്കിൽ വില കൂട്ടണം. പൊതുവിപണിയിൽ നിന്ന് അരി വാങ്ങിയാണ് 20 രൂപയ്ക്ക് ഊൺ വിൽക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാനാകുമെന്നും ഹോട്ടൽ നടത്തിപ്പുകാർ ചോദിക്കുന്നു.
ജനകീയമല്ല ജനകീയ ഹോട്ടലുകളും
കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലുകളിൽ ഊണിന് 30 രൂപയാക്കിയെങ്കിലും പ്രതിസന്ധിയിലാണ്. സബ്‌സിഡി നിലച്ചതോടെ ഹോട്ടൽ ചെലവിന് വായ്പ എടുക്കേണ്ട അവസ്ഥയിലാണ് നടത്തിപ്പുകാർ. ജില്ലയിൽ 47 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഊണ് മാത്രം നൽകുന്ന ഹോട്ടലുകളിലാണ് കൂടുതൽ ദുരിതം.
''സർക്കാർ സബ്‌സിഡി വിഹിതം മുടക്കാറില്ല. എന്നാൽ നിലവിലെ സാഹചര്യത്തിന് മാറ്റംവരാൻ സർക്കാർ പ്രഖ്യാപിച്ച വിലവർദ്ധനവ് നടപ്പിൽ വരുത്തണം.
-(ജസീല, കോട്ടയം സുഭിക്ഷ ഹോട്ടൽ നടത്തിപ്പുകാരി)
''പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയതിനാൽ വാങ്ങാൻ കഴിയില്ല. ശീമച്ചക്കയും വാഴയ്ക്കയും പപ്പായയുമൊക്കെ ആണ് കറികൾക്ക് ഉപയോഗിക്കുക. കിട്ടുന്ന തുക സാധനങ്ങൾ വാങ്ങാൻ മാത്രമേയുള്ളൂ.
-ജീവനക്കാരി, ജനകീയ ഹോട്ടൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |