കോട്ടയം: ആമ്പൽ വസന്തം മാത്രമല്ല, ഓളപ്പരപ്പിലൂടെ ബോട്ട് യാത്രയ്‌ക്കും സൗകര്യമൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് പുത്തൂക്കരി . അയ്മനം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പുത്തൂക്കരി പാടത്ത് ആമ്പൽ വസന്തം ടൂറിസം ഫെസ്‌റ്റ് ഇന്നലെ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
രാവിലെ എത്തുന്നവർക്ക് അറുപത് ഏക്കറോളം വരുന്ന പാടത്തുകൂടി വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽ വസന്തം നുകരാം. കുട്ടവഞ്ചി, ശിക്കാര വള്ളങ്ങൾ, ബോട്ട് എന്നിവയിൽ യാത്രയ്ക്കുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ആമ്പൽ കാഴ്ച്ചകൾ രാവിലെ പത്ത് വരെ ആണെങ്കിലും ബോട്ട് സഞ്ചാരം വൈകുന്നേരം വരെ ഒരുക്കിയിട്ടുണ്ട്. പുത്തൂക്കരിയിൽ എത്തുന്നവർക്ക് ഇടത്തോടുകളിലൂടെ യാത്ര ചെയ്യാം.
ഗ്രാമീണകാഴ്ചകൾ
ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള പായനെയ്ത്ത്, ചൂണ്ടയിടൽ, ഓലമെടച്ചിൽ, കള്ള്‌ചെത്ത് തുടങ്ങിയ ഗ്രാമീണകാഴ്ചകളും ആസ്വദിക്കാം. പാടത്തിൽ ആമ്പൽ അടുത്ത് കാണാവുന്ന രീതിയിൽ കുട്ടവഞ്ചി ഒരുക്കിയിട്ടുണ്ട്. ആഴം കുറഞ്ഞ പാടശേഖരമായതിനാലും ചുറ്റും ഉറപ്പുള്ള ബണ്ടുകളാൽ സുരക്ഷിതമായതിനാലും മറ്റേത് പ്രദേശത്തെക്കാളും സഞ്ചാരികൾക്ക് സുരക്ഷിതമാണ്.
നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന കൗണ്ടറുമുണ്ട്. ഫെസ്റ്റ് മൂന്നുദിവസത്തേക്കാണ്. ഒക്‌ടോബർ ആദ്യആഴ്ച്ചവരെ ആമ്പൽ കാഴ്ച്ച ആസ്വദിക്കാം
പുത്തൂക്കരിയിലേക്കുള്ള വഴി
കോട്ടയത്തുനിന്നും വരുമ്പോൾ കുടയംപടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അയ്മനം ജംഗ്ഷനിൽ എത്തണം. ഇവിടെ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് മണലേപ്പള്ളി പാലത്തിൽ എത്തുക. ഇവിടെ നിന്ന് ഒരു കിലോമീറ്റർ കരിപ്പൂത്തട്ട് പാലം. ഇവിടെ നിന്ന് തിരിഞ്ഞ് ഒന്നര കിലോമീറ്റർ മാടശ്ശേരി പാലം. ഇവിടുന്ന് വലത്തേക്ക് തിരിഞ്ഞ് 700 മീറ്റർ സഞ്ചരിച്ചാൽ പുത്തൂക്കരിയിലെത്തും. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വരുന്നവർ പനമ്പാലം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിയണം. മണലേപ്പള്ളി ജംഗ്ഷനിലെത്തി ഇവിടെ നിന്നും കരിപ്പൂത്തട്ട് പാലം. പാലത്തിൽ നിന്ന് ഇടതു തിരിഞ്ഞ് മാടശ്ശേരി പാലം ഇവിടെ നിന്നും പുത്തൂകരിയിലേക്ക് 700 മീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |