കോട്ടയം: അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ പച്ചക്കൊടി കാട്ടുന്ന കരട് ബില്ല് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത് തങ്ങളുടെ നേട്ടമായിഉയർത്തിക്കാട്ടി, തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വോട്ടുബാങ്ക് ഉറപ്പിക്കാൻ കേരളാകോൺഗ്രസ് എം. അപകടഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനും പട്ടയ ഭൂമിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും തീരുമാനം വന്നത് ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലെ, മലയോര മേഖലകളിൽ ജോസഫ് ഗ്രൂപ്പിനെ മറികടന്ന് വോട്ടുറപ്പിക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് എമ്മിന്റെ കണക്കുകൂട്ടൽ.
ഇതിന്റെ ഭാഗമായുള്ള പ്രചാരണം സംസ്ഥാന വ്യാപകമായി നടത്താനും പാർട്ടി തീരുമാനിച്ചിരിക്കുകയാണ്.
മന്ത്രിസഭ യുടെ അംഗീകാരം കിട്ടിയത് ഇടതുമുന്നണിയിൽ തങ്ങൾ ശക്തമായ സമ്മർദ്ദം ചെലുത്തിയിട്ടാണെന്നാണ് മാണി ഗ്രൂപ്പിലെഉന്നത നേതാവ് പ്രതികരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി പ്രധാന പ്രചരണായുധമാക്കുക ഈ വിഷയങ്ങളായിരിക്കും. ഇതുവഴി പാർട്ടി അണികളെ തൃപ്തിപ്പെടുത്താനും ജോസഫ് ഗ്രൂപ്പിന്റെ വാ അടപ്പിക്കാനും കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്പ്.
യാഥാർത്ഥ്യമായില്ലെങ്കിലും മാണി ഗ്രൂപ്പിന് നേട്ടം
വനം ഭൂമി പങ്കിടുന്ന മദ്ധ്യ കേരളത്തിലെ മലയോര മേഖലകളിൽ പാർട്ടി നേരിട്ട ഏറ്റവും വലിയ പ്രശ്നമായിരുന്നു വന്യഗങ്ങളുടെ ആക്രമണവും നാട്ടിലിറങ്ങിയുള്ള കൃഷി നശിപ്പിക്കലും. 1972ലെ കേന്ദ്ര വനനിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യാൻ തയ്യാറാകാത്തതിനാൽ അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കഴിയില്ലായിരുന്നു.
ഇവയെ വെടിവെക്കാൻ ചീഫ് ഫോറസ്റ്റ് കൺസവേറ്റർക്ക് അനുമതി നൽകുന്ന കരട് ബില്ലിലെ വ്യവസ്ഥ സംസ്ഥാന നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം അടക്കം കടമ്പകൾ കടക്കണം. ഇത് യാഥാർത്ഥ്യമായില്ലെങ്കിലും കേന്ദ്ര സർക്കാരിനെ പഴിചാരി പ്രചാരണം നടത്താൻ മാണി ഗ്രൂപ്പിന് കഴിയും.
പട്ടയ ഭൂമി ഉപയോഗത്തിലെ നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റവും ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണവും യാഥാർത്യമാക്കാൻ ഏറെ നാളുകളായി കേരള കോൺഗ്രസ് എം ശക്തമായ പോരാട്ടത്തിലായിരുന്നു. എൽ.ഡി.എഫിലും മുഖ്യമന്ത്രിയുടെ മുമ്പാകെയും ഈ വിഷയം നിരന്തം ഉന്നയിച്ചതോടെയാണ് ഈ ആവശ്യമടങ്ങിയ ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
ജോസ് കെ മാണി എം.പി
കേരളാകോൺഗ്രസ് എം ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |