കോട്ടയം: ആറ്മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഓണം കഴിഞ്ഞിട്ടും കർഷകർക്ക് നൽകാത്തതിനെതിരെ പ്രക്ഷോഭ സമരവുമായി നെൽകർഷക സംരക്ഷണ സമിതി. ഇന്ന് തിരുവാർപ്പ് മലരിക്കലിൽ നിന്നും ആരംഭിക്കുന്ന വാഹനപ്രചാരണ ജാഥ കോട്ടയം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളിൽ പര്യനം നടത്തും. 27,28 തീയതികളിൽ രാമങ്കരിയിൽ സംസ്ഥാന സമ്മേളനം നടത്തി സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സമിതി ചെയർമാൻ വി.ജെ ലാലി അറിയിച്ചു.
സപ്ലൈക്കോ കർഷകരിൽ നിന്ന് ആറുമാസം മുമ്പ് സംഭരിച്ച നെല്ലിന് ഇനിയും കൊടുത്തു തീർക്കാനുള്ളത് 230 കോടി രൂപയാണ്. ഓണത്തിനു മുമ്പ് കുടിശ്ശിക തീർത്തു കൊടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.അനിലും ധനകാര്യ മന്ത്രി പി.രാജീവും ഉറപ്പു നൽകിയിട്ടും പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു പറഞ്ഞു കൈ മലർത്തുകയാണ് മന്ത്രിമാർ.
നെല്ല് സംഭരണത്തിന് വിവാദ നിബന്ധനങ്ങൾ
അടുത്ത കൃഷിയുടെ നെല്ലു സംഭരണത്തിനുള്ള നിബന്ധനകൾക്കെതിരെയും കർഷക സംഘടനകൾ രംഗത്തെത്തി. 17 ശതമാനത്തിൽ കൂടുതൽ ഈർപ്പം പാടില്ല. പതിര് മൂന്നു ശതമാനമേ പാടുള്ളൂ. കലർപ്പ് അനുവദിക്കുന്നതല്ല. കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാതിരുന നെല്ല് സംഭരിക്കാതിരിക്കുന്നതടക്കം എന്തു നടപടി സ്വീകരിക്കുന്നതിനും സപ്ലൈക്കോയ്ക്ക് അവകാശമുണ്ട്. നെല്ലു സംഭരിച്ചതിനുള്ള പണം നൽകുന്ന ഉത്തരവാദിത്വം സംസ്ഥാനസക്കാരിനില്ല, കേന്ദ്രസർക്കാരിനാണ്. ഇത് ലഭിക്കുന്ന മുറക്കേ കർഷകർക്ക് പണം കിട്ടൂ. പണം കിട്ടാത്തതിന് പരാതി പറയില്ല. തുടങ്ങിയവയാണ് നിബന്ധനകൾ. ഈ നിബന്ധനകൾ അടങ്ങുന്ന സമ്മതി പത്രം ഒപ്പിട്ടു കൊടുക്കണം.ഇത് അംഗൂകരിക്കുന്നവരുടെ നെല്ല് മാത്രം സംഭരിച്ചാൽ മതിയെന്നാണ് സപ്ലൈക്കോ തിരുമാനം.
കർഷകർ മില്ലുടമകൾ പറയുന്നിടത്ത് നെല്ല് എത്തിച്ചുകൊടുക്കണമെന്നും നിബന്ധനയിലുണ്ട്. ഇത് ചെലവ് കൂട്ടും. കർഷകർക്ക് വില പേശാനുള്ള അവസരവും ഇല്ലാതാക്കും.
സംഭരിച്ച നെല്ലിന്റെ പണം ആറുമാസമായിട്ടും കിട്ടാത്തതിനാൽ അടുത്ത കൃഷി ചെയ്യാതെ നിലം തരിശിട്ടിരിക്കുകയാണ്. താങ്ങുവില കേന്ദ്രം വർദ്ധിപ്പിച്ചിട്ടും സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കാതെ സംഭരണ രജിസ്ട്രേഷൻ നിബന്ധനകൾ അംഗീകരിക്കുന്നത് മില്ലുകാർക്ക് ഗുണവും കർഷകർക്ക് നഷ്ടകച്ചവടമാകും.
ശിവദാസൻ (നെൽകർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |