പാലാ: തുടർച്ചയായി നഗരസഭാ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന പാലാ നഗരസഭാ 13-ാം വാർഡ് കൗൺസിലറും മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണുമായ സന്ധ്യ ആർ.നെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. ഇന്നലെ ചേർന്ന കൗൺസിൽ യോഗം സന്ധ്യയെ അയോഗ്യയാക്കിയത് അംഗീകരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ട് 1994 വകുപ്പ് 91 (കെ) പ്റകാരമാണ് അയോഗ്യയാക്കിയിട്ടുള്ളത്.
വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് പോകുന്നതിനാൽ 2024 സെപ്‌തംബർ 4 മുതൽ 2024 ഡിസംബർ 4 വരെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്ധ്യ അവധിയപേക്ഷ സമർപ്പിച്ചിരുന്നു. 2024 സെപ്‌തംബർ 10ന് ചേർന്ന നഗരസഭാ കൗൺസിലിന്റെ രണ്ടാം നമ്പർ അഡീഷണൽ അജണ്ട തീരുമാന പ്റകാരം സന്ധ്യയ്‌ക്ക് അവധി അനുവദിച്ചും ആ വാർഡിലെ ചുമതലകൾ നിർവഹിക്കുന്നതിന് ചെയർമാനെ ഏല്പിച്ചുകൊണ്ടും തീരുമാനം എടുത്തിരുന്നു. പിന്നീട് സന്ധ്യ വീണ്ടും അവധിക്കപേക്ഷിച്ചു. എന്നാൽ 2025 മേയ് 30ന് ശേഷം നടന്ന നഗരസഭാ കൗൺസിൽ മീറ്റിംഗുകളിലും മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി യോഗങ്ങളിലും പങ്കെടുക്കുന്നതിന് അറിയിപ്പ് നൽകിയെങ്കിലും സന്ധ്യ പങ്കെടുത്തില്ല. ഇതോടെയാണ് തുടർച്ചയായി മൂന്ന് മാസക്കാലം മുനിസിപ്പാലിറ്റിയുടെ അനുവാദമില്ലാതെ ഹാജരാകാത്തതിനാൽ സന്ധ്യയെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയത്.13-ാം വാർഡിലെ കൗൺസിലറുടെ ഒഴിവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യോഗത്തിൽ ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |