കോട്ടയം: മൂന്നു വയസുള്ളപ്പോൾ പിതാവിൽനിന്ന് അറിഞ്ഞ മഹാത്മാഗാന്ധി. തുടർന്നങ്ങോട്ട് നൻമവഴിയിലൂടെയുള്ള യാത്ര. സത്യവും നീതിയും ചേർത്തുപിടിച്ചുള്ള തന്റെ ജീവിതം മുഴുവൻ ദയാബായി പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി മുഴങ്ങി.
ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ രണ്ടാംദിവസം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാബായി.
'' തന്റേത് പ്രയാണ ജീവിതമാണ്. കൊച്ചിയിൽ നിന്ന് പാലാ പൂവരണിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് പിതാവു പറഞ്ഞ കഥയിൽനിന്ന് ഗാന്ധിജി എന്ന വലിയ മനുഷ്യനെ അറിഞ്ഞത്.
ചെറുപ്പത്തിൽ കുതിരയെ വാങ്ങണമെന്നു മോഹിച്ച പെൺകുട്ടി പിന്നീട് 35 വർഷം മദ്ധ്യപ്രദേശിലെ വഴിയെന്ന് വിളിക്കാൻ പോലുമാകാത്തിടത്തു കൂടി കുതിരപ്പുറത്ത് സഞ്ചരിച്ച് സാമൂഹികസേവനം നടത്തി. ബംഗ്ലാദേശ് അഭയാർഥികളെ ശുശ്രൂഷിക്കാൻ വോളന്റിയർമാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട് കൊൽക്കത്തയ്ക്ക് വണ്ടി കയറിയതും അവർ വിശദീകരിച്ചു.
അഞ്ചു രൂപയ്ക്ക് കൂലിപ്പണിയെടുത്താണ് അന്ന് സാമൂഹിക സേവനത്തിനിറങ്ങിയത്. ആദിവാസികൾക്ക് ജോലിക്കു കൂലിയും കുടിവെള്ളവും ഉറപ്പാക്കുന്നതിന് നിരന്തര പോരാട്ടങ്ങൾ വേണ്ടിവന്നു. കാസർകോഡ് എൻഡോസൾഫാൻ ബാധിത മേഖലകളിലെ യാത്രകൾ ഹൃദയം തകർക്കുന്ന വേദനയാണ് നൽകിയത്. മനുഷ്യാവകാശലംഘനത്തിനെതിരായ പ്രവർത്തനങ്ങൾക്കാണ് ആദ്യപരിഗണന.- ദയാബായി വ്യക്തമാക്കി. സ്വയം എഴുതി തയ്യാറാക്കിയ ഞാൻ കാസർകോഡിന്റെ അമ്മ എന്ന ലഘുനാടകവും അവതരിപ്പിച്ചാണ് ദയാബായി വേദിവിട്ടത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ സുധ കുര്യൻ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ശുഭേഷ് സുധാകരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |