കോട്ടയം: സാമ്പത്തിക സ്ഥിതി കൂടുതൽ തകരാറിലായതോടെ കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളംതെറ്റുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമം നേരിടവെ സുരക്ഷാ പദ്ധതികളും സ്തംഭിച്ചു. രോഗികൾ ഉപകരണങ്ങൾ വാങ്ങിയാണ് ഇപ്പോൾ ശസ്ത്രക്രിയകൾ നടത്തുന്നത്. സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതിനാലാണ് കോട്ടയം മെഡിക്കൽ കോളേജ് പ്രതിസന്ധിയിലായത്.
കോട്ടയം മാത്രമല്ല, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലാക്കാരുടെ കൂടി ആശ്രയമായ ആതുരാലയമാണ് നിലനിൽപ്പിനായി കൈകാലിട്ടടിക്കുന്നത്. മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും മരുന്നും ഉപകരണങ്ങളും എത്തിക്കുന്ന ഏജൻസികളോട് അവധി പറഞ്ഞ് ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും മടുത്തു. മൂന്ന് കോടി രൂപ വരെകിട്ടാനുള്ള ചെറുകിട വിതരണക്കാരുണ്ട്. ഇവരുടെ ജീവിതവും താളംതെറ്റിയ നിലയിലാണ്.
കിട്ടാനുണ്ട് 180 കോടി
വിവിധ ചികിത്സാ പദ്ധതികളിലായി കോട്ടയം മെഡിക്കൽ കോളേജിന് കിട്ടാനുള്ളത് 180 കോടിയോളം രൂപയാണ്. ഇതിൽ ഏറെയും മരുന്നു കമ്പനികൾക്ക് കൊടുക്കാനുള്ളതാണ്. സ്വന്തം നിലയിൽ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങി നൽകുന്നവർക്കു മാത്രമേ ശസ്ത്രക്രിയകൾ നടക്കുന്നുള്ളൂ.
ഏജൻസികൾ മരുന്ന് വിതരണം നിറുത്തി
75 ഏജൻസികളാണ് മരുന്ന് വിതരണം ചെയ്തിരുന്നത്. കുടിശിക ഉയർന്നതോടെ ഇതിൽ ഭൂരിഭാഗവും വിതരണം നിറുത്തി. ഡോക്ടർമാരുടെ വ്യക്തിബന്ധങ്ങളുടെ പേരിൽ മരുന്ന് എത്തിക്കുന്നതാണ് പല ഏജൻസികളും. വിവിധ വിഭാഗങ്ങളിൽ വിലകൂടിയ മരുന്നുകളോ അനുബന്ധ സാധനങ്ങളോ ഇല്ലാതെയായിട്ട് മാസങ്ങൾ പിന്നിട്ടു. കുടിശിക തീർക്കാത്തതിനാൽ കരാർ പുതുക്കാനും കഴിഞ്ഞിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മരുന്നും ഉപകരണങ്ങളും വാങ്ങിക്കുകയാണ് രോഗികൾ.
ഇതേസമയം സർക്കാരിന്റെ ഏജൻസിയായ കെഎംസിഎൽ വഴിയുള്ള മരുന്നു വിതരണത്തിനു തടസമില്ലെന്നാണ് അധികൃതർ പറയുന്നത്. സ്റ്റോക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ കാൻസർ, ശസ്ത്രക്രിയ വിഭാഗത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകളൊന്നും ഇവർ വിതരണം ചെയ്യുന്നില്ല.
പേയിംഗ് കൗണ്ടർ പേരിന് മാത്രം
ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിംഗ് കൗണ്ടർ പേരിന് മാത്രമാണ്. ഇവിടെ നിന്ന് മരുന്ന് വിതരണം ചെയ്തതിൽ മാത്രം 40 കോടി രൂപ വിതരണക്കാർക്ക് കൊടുക്കാനുണ്ട്. 18മാസമായി കുടിശിക നിലനിൽക്കുകയാണ്.
സാധാരണക്കാർ ദുരിതത്തിൽ
സ്വകാര്യ ആശുപത്രികളി ൽ പോകാൻ കഴിയാത്ത പാവപ്പെട്ട രോഗികളാണ് മെഡിക്കൽ കോളേജിൽ എത്തുന്ന വരിൽ ബഹുഭൂരിഭാഗവും. പുറത്തേക്ക് എഴുതിക്കൊടുന്ന മരുന്നും ഉപകരണങ്ങളും വാങ്ങാൻ പണമില്ലാത്തതിനാൽ പലരുടേയും ചികിത്സയും പ്രതിസന്ധിയിലാണ്.
മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും എത്തിക്കണം
വരുത്തിവയ്ക്കുന്നത് വൻ സാമ്പത്തിക ബാദ്ധ്യത
കൂടുതൽ ശസ്ത്രക്രിയകൾ എമർജെൻസി, ഹൃദയ വിഭാഗങ്ങളിൽ
പലരോഗികൾക്കും സമയം നീട്ടിക്കൊടുക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |