ഒഴിവായത് വൻ ദുരന്തം, 7 വാഹനങ്ങൾക്ക് നാശം
വൈക്കം : നവീകരണം കഴിഞ്ഞ് ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ കെട്ടിട ഭാഗം തകർന്നുവീണ് 7 വാഹനങ്ങൾക്ക് നാശം. സംഭവസമയം ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത് . ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. മുകൾ നിലയിൽ നവീകരണം നടത്തിയ കെട്ടിടത്തിന്റെ വശങ്ങളിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലും, ഗ്ലാസ് ഭിത്തിയും, മേൽക്കൂരയും ഉൾപ്പടെയുള്ള ഭാഗമാണ് തകർന്ന് വീണത്. അഡ്വ.മോൻസ്‌ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നവീകരണം. കഴിഞ്ഞ മാസം 16 ന് മന്ത്രി വി.എൻ.വാസവൻ അസൗകര്യം മൂലം എത്താതിരുന്നതിനാൽ എം.എൽ.എയായിരുന്നു ഉദ്ഘാടകൻ. ഏതാനും ദിവസം മുമ്പ് കെട്ടിടത്തിന്റെ സീലിംഗ് ഇളകി വീണിരുന്നു. ഇന്നലെ രാവിലെ ശക്തമായ മഴയിൽ കൂടുതൽ ഭാഗം തകർന്ന് വീഴുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും, നാല് ഇരുചക്രവാഹനങ്ങളും, കാറും ഭാഗികമായി തകർന്നു. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി
കാൽക്കോടി രൂപ മുടക്കി നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ തകർന്നുവീണ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ ആവശ്യപ്പെട്ടു. ഉത്തരവാദിത്വത്തിൽ നിന്ന് ഫണ്ട് അനുവദിച്ച എം.എൽ.എയ്ക്കും നിർമ്മാണം നടത്തിയ എൽ.ഡി.എഫ് ഭരണസമിതിക്കും ഒഴിഞ്ഞുമാറാനാകില്ല. കേവലം ഉദ്യോഗസ്ഥരുടെ തലയിൽ തകർച്ചയുടെ ഉത്തരവാദിത്വം കെട്ടിവച്ച് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |