കോട്ടയം : നദികളിലും ആറുകളിലും പോള നിറയുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കുളവാഴ പ്ലാന്റ് കാടുമൂടി നാശത്തിന്റെ വക്കിൽ. മാലിന്യ സംസ്കരണ പദ്ധതികളിൽ നഗരസഭ വിവിധ മാതൃകകൾ പരീക്ഷിക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മാലിന്യ നിർമ്മാർജ്ജന പദ്ധതി എങ്ങുമെത്തിയില്ല. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 2012 ലാണ് കോട്ടയം പച്ചക്കറി മാർക്കറ്റിന് സമീപം കൊടൂരാറിന്റെ തീരത്ത് പ്ലാന്റ് സ്ഥാപിച്ചത്. വള്ളിപ്പടർപ്പുകൾക്ക് നടുവിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മെഷീനുകൾ തുരുമ്പെടുത്തു. കൊടൂരാറ്റിലെ പോളയെന്ന കുളവാഴ സംസ്കരിക്കുകയായിരുന്നു ഫിർമ മുഖേന നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനോടൊപ്പം പൾപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മാർക്കറ്റിലെ ലൈറ്റുകൾ കത്തിക്കാനും ലക്ഷ്യമിട്ടു. പ്ലാന്റ് തുടങ്ങി ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ ചോപ്പർ ഒടിഞ്ഞു. പുതിയ ചോപ്പർ വാങ്ങാനോ പഴയത് നന്നാക്കി ഉപയോഗിക്കാനോ നഗരസഭ നാളിതുവരെ തയ്യാറായില്ല. ചോപ്പർ മാറ്റി സ്ഥാപിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും.
സാമ്പത്തികസ്ഥിതി തടസമെന്ന്
13 വർഷമായി പ്ലാന്റ് പ്രവർത്തനരഹിതമാണ്. കഴിഞ്ഞ യു.ഡി എഫ് ഭരണസമിതിയുടെ കാലത്ത് ചെയർപേഴ്‌സണായിരുന്ന ഡോ. പി.ആർ സോന പ്ലാന്റിന്റെ പുനർ നടത്തിപ്പിന് സാദ്ധ്യത തേടിയെങ്കിലും സാമ്പത്തിക സ്ഥിതി തടസമായി. ജില്ലാ പഞ്ചായത്ത് പോളവാരൽ യന്ത്രവുമായി എത്തിയതോടെ നഗരസഭയുടെ നീക്കവും പൊളിഞ്ഞു. സമീപ ജില്ലകളിലെ നഗരസഭകൾ മുൻകൈയ്യെടുത്ത് പോള സംസ്‌കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വരെ ഉണ്ടാക്കുന്നുണ്ട്.
പോളയിൽ കുടുങ്ങി ജലഗതാഗതം
ഇടക്കാലത്ത് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ഇവിടെ വൃത്തിയാക്കിയിരുന്നു. പ്ലാന്റിനുള്ളിൽ പുല്ല് വളർന്ന് കെട്ടിടത്തിന് ഭീഷണിയായിരിക്കുകയാണ്. കൊടൂരാറ്റിലടക്കം പോള നിറഞ്ഞ് ജലഗതാഗതത്തിന് തടസം സൃഷ്ടിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ആറ്റിൽ കുളവാഴ തിങ്ങിനിറയുന്നത്.
ചെലവഴിച്ചത് : 52 ലക്ഷം
''നഗരസഭയുടെ അനാസ്ഥയാണ് പ്ലാന്റ് നാശത്തിനിടയാക്കിയത്. നദികളിൽ അനുദിനം പോള തിങ്ങി നിറയുമ്പോൾ നഗരസഭ കാഴ്ചക്കാരുടെ റോളിലാണ്. ഉദ്ഘാടനം നടത്തുന്നതിലപ്പുറം പല പദ്ധതികളും വെളിച്ചം കാണുന്നില്ല.
സന്ദീപ്, കോടിമത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |