കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരമായ കോട്ടയം താഴത്തങ്ങാടി ജലോത്സവത്തിലും കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. ഫിനിഷിംഗ് പോയിന്റ് വരെ മുന്നിൽനിന്ന ചിരവൈരികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനെ അവാസാന ലാപിൽ മൈക്രോസെക്കന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് വീയപുരം ജേതാവായത്. ഒന്നാമതെത്തിയ വീയപുരം ചുണ്ടൻ 3:18:080 മിനിറ്റ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. 3:18:280 മിനിറ്ര് സമയമെടുത്താണ് മേൽപ്പാടം ചുണ്ടൻ ഫിനിഷിംഗ് ലൈൻ കടന്നത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനാണ് (3:19:673 മിനിറ്റ്) മൂന്നാം സ്ഥാനം. ബോട്ട് ലീഗിന്റെ ആദ്യവേദിയായ കൈനകരിയിൽ നടന്ന മത്സരത്തിലും വീയപുരമായിരുന്നു ജേതാക്കാൾ. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ വിജയിച്ചു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പനും കുമരകം ടൗൺബോട്ട് ക്ലബിന്റെ പായിപ്പാടനുമാണ് ലൂസേഴ്സിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത് .
മത്സരവിജയികൾ
ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്നുതൈയ്ക്കനും ബി ഗ്രേഡിൽ താണിയൻ ദി ഗ്രേറ്റും വെപ്പ് എ ഗ്രേഡ് നെപ്പോളിയനും ബി ഗ്രേഡിൽ പി.ജി കരിപ്പുഴയും ചുരുളൻ എ ഗ്രേഡിൽ മൂഴിയും ജേതാക്കളായി. വള്ളംകളി മത്സരം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മാനദാനം നടത്തി. കളക്ടർ ചേതൻകുമാർ മീണ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |