പാലാ : റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്‌റ്റേഡിയത്തിൽ ആവേശത്തുടക്കം. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തി. തുടർന്ന് മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റും നടന്നു. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ദിനത്തിൽ 3000 മീറ്റർ, ഹൈജമ്പ്, ഷോട്ട്പുട്ട് , ഡിസ്കസ് ത്രോ, 400 മീറ്റർ, 100 മീറ്റർ തുടങ്ങിയ മത്സരങ്ങൾ നടന്നു.
മലയോരമണ്ണിനും സ്വർണത്തിളക്കം
പാലാ : മലയോരത്ത് നിന്ന് പാലായുടെ മണ്ണിലെത്തി ഒന്നാം സ്ഥാനം നേടി കാറ്റ് ലിൻ സുബിൻ. 600 മീറ്റർ സബ് ജൂനിയർ ഓട്ടം ഗേൾസ് വിഭാഗത്തിലാണ് മത്സരിച്ചത്. പാലാ സെൻ്റ് മേരീസ് എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയാണ്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഇടുക്കിയിൽ നിന്ന് 600 മീറ്റർ ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു. പിതാവ് : സുബിൻ ജോസഫ്, മാതാവ് : പാട്രിഷ്യ. സ്പോർട്സിൽ കൂടുതൽ താത്പര്യമുണ്ടായിരുന്നു. ട്രെയിനറുടെ അഭാവത്തെ തുടർന്നാണ് പാലാ അൽഫോൻസാ അക്കാഡമിയിൽ എത്തിയത്. തങ്കച്ചനാണ് പരിശീലകൻ. മത്സരം കാണുന്നതിനായി മാതാപിതാക്കളും സഹോദരങ്ങളായ കാതറിൻ, കാൽവിൻ എന്നിവരും എത്തിയിരുന്നു.
മുരിക്കുംവയലിന് ട്രിപ്പിൾ നേട്ടം
പാലാ : ട്രിപ്പിൾ നേട്ടവുമായി മുരിക്കുംവയൽ ഗവ.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ. 100 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആദിൽ അയൂബ്. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. നാല് വർഷമായി മത്സര രംഗത്തുണ്ട്. 2023 ൽ 100 മീറ്റർ ഓട്ടം മത്സരത്തിൽ സംസ്ഥാന തലത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയിരുന്നു. 2024 ൽ കാലിന്റെ മസിൽ പ്രശ്നം മൂലം മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. 100 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ശ്രീഹരി സി.ബിനു ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ 100 മീറ്റർ വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയിട്ടിണ്ട്. സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർത്ഥിനി കരസ്ഥമാക്കി സിയോണ മരിയ ഷിജുവിനാണ്. അഞ്ച് വർഷം തുടർച്ചയായി മത്സര രംഗത്തുണ്ട്. മൂന്ന് തവണ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മൂവരും മുണ്ടക്കയം ഹൈറേഞ്ച് അക്കാഡമിയിൽ സന്തോഷിന്റെ കീഴിലാണ് പരിശീലനം.
ചേച്ചിയുടെ വഴിയേ അനിയനും
പാലാ : മൂന്നാം ക്ലാസ് മുതൽ ട്രാക്കിനെ ഇഷ്ടപ്പെട്ടിരുന്ന ചേച്ചിയുടെ വഴിയേ അനിയനും. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിലാണ് പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥി സാബിൻ ജോർജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇടുക്കി വെള്ളാരംകുന്ന് സ്വദേശിയാണ്. ചേച്ചി സ്നേഹമോൾ ജോർജ് നാഷണൽ കമന്റ് ഇവന്റിൽ ദേശീയതലത്തിൽ സമ്മാനം നേടിയിരുന്നു. തിരുവനന്തപുരത്ത് ജിം ട്രെയിനറാണ്. രണ്ട് തവണ ജൂനിയർ വിഭാഗത്തിൽ ദേശീയതലത്തിൽ സാബിൻ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പോയിന്റുകളുടെ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. 2024 ൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. ചെറുപ്പം മുതലേ കായിക മേഖലയോട് താത്പര്യമുണ്ടായിരുന്നു. മത്സ്യക്കച്ചവടക്കാരനായ പിതാവ് ഷൈജു ജോർജിനും, ശാലിനിയാണ് അമ്മ.
ഓടി നേടി അയോൺ
പാലാ: ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി അയോണ സോണി. ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പാലാ അൽഫോൺസാ അക്കാദമിയിലാണ് പരിശീലനം. സൗദിയിൽ നഴ്സായി ജോലി ചെയ്യുന്ന അമ്മ രേഖ ഹോക്കിയിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുണ്ട്. പനയ്ക്കാത്തോട്ടത്തിൽ സോണിയാണ് പിതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |