പാലാ : ട്രാക്കിലും, ഫീൽഡിലും സ്വർണം വാരിക്കൂട്ടി റവന്യു ജില്ലാ കായിക മേളയിൽ പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് ഓവറാൾ കിരീടം. ആദ്യദിനം മുതൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലായുടെ കുതിപ്പ്. 38 സ്വർണവും, 25 വെള്ളിയും, 16 വെങ്കലവുമായി 327 പോയിന്റുമായാണ് നേട്ടം. 18 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമായി 167 പോയിന്റ് നേടി കാഞ്ഞിരപ്പള്ളിയാണ് രണ്ടാമാത്. 12 സ്വർണവും 16 വെള്ളിയും 11 വെങ്കലവുമായി 132 പോയിന്റ് നേടി ഈരാറ്റുപേട്ട മൂന്നാമതെത്തി. സ്‌കൂൾ വിഭാഗത്തിൽ പാലാ സെന്റ് തോമസ് സ്‌കൂൾ ഓവറാൾ ചാമ്പ്യന്മാരായി. 23 സ്വർണവും 16 വെള്ളിയും ഏഴുവെങ്കലവുമായി 170 പോയിന്റാണ് നേടിയത്. 10 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലുവമായി 93 പോയിന്റ് നേടി പൂഞ്ഞാർ എസ്.എം.വി രണ്ടാമതും, അഞ്ചു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമായി 42 പോയിന്റ് നേടി സെന്റ് പീറ്റേഴ്‌സ് കുറമ്പനാടം മൂന്നാമതെത്തി. സമാപന സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, പി.എൻ വിജി തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ റെക്കാഡ് ചാടിക്കടന്ന് ജുവൽ
പാലാ : മുണ്ടക്കയം ബോയ്‌സ് എസ്‌റ്റേറ്റിലെ കല്ലും മുള്ളും നിറഞ്ഞ ചെറിയ പിറ്റിൽ ചാടിത്തുടങ്ങിയ ജുവൽ തോമസ് മറികടന്നത് ദേശീയ റെക്കാഡ്. സീനിയർ ബോയ്‌സ് ഹൈജമ്പിൽ മുരിക്കുംവയൽ ഗവൺമെന്റ് വി.എച്ച്.എസ് വിദ്യാർത്ഥിയായ ജുവൽ ദേശീയ റെക്കാഡായ 2.11 ഭേദിച്ച് 2.12 ചാടിയാണ് ദേശീയശ്രദ്ധയാകർഷിച്ചത്. ജൂനിയർ വിഭാഗത്തിലും ജുവലിന്റെ പേരിലാണ് റെക്കാഡ്. തൃശൂർ എ.ആർ. ക്യാമ്പിലെ സി.ഐ മുണ്ടക്കയം ചിറ്റടി ചെറുവത്തൂർ തോമസിന്റെയും, പീരുമേട് ചിദംബരം മെമ്മാറിയിൽ സ്‌കൂളിലെ അദ്ധ്യാപിക ജിതയുടെയും മകനാണ്. കഴിഞ്ഞ മൂന്നു തവണയായി ജില്ലാ മീറ്റിലും സംസ്ഥാനതലത്തിലും ജുവൽ ചാമ്പ്യനാണ്. ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാഡമിയിലെ സന്തോഷ് ജോർജാണ് പരിശീലകൻ. സ്‌കൂൾ വർഷത്തിലെ അവസാന കായികമേളയായ ഇത്തവണ സംസ്ഥാന തലത്തിലും സ്വർണം നേടാനാണ് ജുവലിന്റെ ശ്രമം.
എറിഞ്ഞ് നേടി അവിനാഷ്
പാലാ : കോച്ചില്ലാതെ വന്നു, എറിഞ്ഞു.. അവിനാഷ് മടങ്ങിയത് ഒന്നാംസ്ഥാനവുമായി. സീനിയർ ആൺകുട്ടികളുടെ വിഭാഗം ജാവലിൻ ത്രോയിലാണ് . 36.87 മീറ്റർ ദൂരം എറിഞ്ഞ് അവിനാഷ് നേട്ടം സ്വന്തമാക്കിയത്. സ്‌കൂളിൽ ക്ലാസിൽ നിന്ന് രക്ഷപ്പെടാനാണ് കായികമേളയിൽ പങ്കെടുത്തത്. പെരുന്ന എൻ.എസ്.എസ് കോളേജിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് കൈ ഇടറിയെങ്കിലും പിന്മാറിയില്ല. ആലപ്പുഴ കണ്ണാടി അനീഷ് ലാവണ്യ ദമ്പതികളുടെ മകനാണ്.
സാബിൻ, ട്രാക്കിലെ പൊൻതാരം
പാലാ : ട്രാക്കിലേ അതിവേഗക്കാരനായി സാബിൻ ജോർജ്. പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് സാബിൻ കായികമേളയിലെ താരമായത്. അവസാന ദിനമായ ഇന്നലെ പങ്കെടുത്ത സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. രണ്ടാം ദിനത്തിൽ നടന്ന 400 മീറ്റർ ഹർഡിൽസ്, 800 മീറ്ററിലും ഒന്നാം സ്ഥാനം കൈവരിച്ചിരുന്നു. പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. ഇടുക്കി വെള്ളാരംകുന്ന് സ്വദേശിനി. രണ്ട് തവണ ജൂനിയർ വിഭാഗത്തിൽ നാഷണൽ ലെവലിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. 2024 ൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. സഹോദരി : സ്‌നേഹമോൾ ജോർജ് നാഷണൽ കമന്റ് ഇവന്റിൽ നാഷണൽ സമ്മാനം നേടിയിരുന്നു. മത്സ്യക്കച്ചവടക്കാരനാണ് പിതാവ് ഷൈജു ജോർജ്, അമ്മ : ശാലിനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |