കൊച്ചി: മൊബൈൽകട കുത്തിത്തുറന്ന് കവർന്ന മൊബൈൽഫോണുകൾ വിൽക്കാൻ കൊച്ചിയിലെത്തിയ സംഘത്തിലെ നാല് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായി അന്വേഷണം തുടരുന്നു.
വൈക്കം തോട്ടകം പടിഞ്ഞാറേ പീടികത്തറവീട്ടിൽ ആദിശേഷൻ (21), തോട്ടകം ഇണ്ടാംതുരുത്തിൽ ആദർശ് അഭിലാഷ് (18), കടുത്തുരുത്തി പുഴയ്ക്കൽ മാനാർ ജോസ് നിവാസിൽ മാർക്കോസ് (20), ചേർത്തല പള്ളിപ്പുറം ഭഗവതിവെളിയിൽ തമ്പുരാൻ സേതു എന്നിവരാണ് പിടിയിലായത്.
വൈക്കം കച്ചേരിക്കവലയിലെ മൊബൈൽഷോപ്പിൽനിന്ന് കവർന്ന 17 ഫോണുകളുമായാണ് ആറംഗസംഘം ഇന്നലെ വൈകിട്ട് എറണാകുളം പെന്റാമേനകയിലെ മൊബൈൽഷോപ്പിലെത്തിയത്. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ അറിയിച്ചു. ഇതിനിടെയാണ് രണ്ട് യുവാക്കൾ ഓടിരക്ഷപ്പെട്ടത്. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ വൈക്കം പൊലീസിന് കൈമാറും.
രക്ഷപ്പെട്ട യുവാക്കളാണ് കവർച്ചയ്ക്ക് നേതൃത്വം നൽകിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |