രാജാക്കാട്:ആനപ്പാറ ഉണ്ടമല നിവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരമായി പാറമട ഉണ്ടമല റോഡ് തുറന്നു.രാജാക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട കലുങ്കുസിറ്റി പാറമട ജംഗ്ഷനിൽ നിന്നും ഉണ്ടമലയിലേക്ക് പോകാനായി രണ്ടടി വീതിയിൽ നടപ്പുവഴിയായിരുന്നു കുടിയേറ്റകാലം മുതൽ ഉണ്ടായിരുന്നത്.രോഗികളെ പോലും തോളിൽ ചുമന്നാണ് റോഡിലെത്തിച്ചിരുന്നത്. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം വാർഡുമെമ്പർ ബെന്നി പാലക്കാട്ട് സ്ഥലമുടമകളെ കണ്ട് നിരവധി പ്രാവശ്യം സംസാരിച്ചാണ് റോഡിനായുള്ള സ്ഥലം വിട്ടു കിട്ടിയത്.തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷത്തോളം രൂപ മുടക്കിയാണ്
കോൺക്രീറ്റ് റോഡും,
തോടിന് കുറുകെ കലുങ്കും നിർമ്മിച്ച് റോഡ് വാഹന ഗതാഗതത്തിന് യോഗ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, വാർഡുമെമ്പർ ബെന്നി പാലക്കാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ,മുൻ വാർഡ് മെമ്പർ ഗീത പ്രസാദ്,ലിജോ മുണ്ടപ്ലാക്കൽ,വിജയൻപിള്ള, ജയന്തി കല്ലേപ്പിള്ളിൽ,എൻ ആർ ഇ ജി ഉദ്യോഗസ്ഥരായ അമൽ തങ്കച്ചൻ,റ്റി.ഡി സുധി ,ലേഖ സുനിൽകുമാർ, ബിനോയി ബെന്നി,അർജുൻ സുബീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |