
പാലാ : കോട്ടയത്തിന്റെ അക്ഷര മഹിമ വിളിച്ചു പറഞ്ഞും, നവോത്ഥാനത്തിന്റെ ഇരമ്പുന്ന സ്മരണകൾ ഓർമ്മിപ്പിച്ചും രാഷ്ട്രപതി ദ്രൗപദി മുർമു. ശ്രീനാരായണ ഗുരുദേവന്റേയും, പി.എൻ.പണിക്കരുടേയും, മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റേയും സംഭാവനകൾ എടുത്തു പറഞ്ഞു. പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്ന സെന്റ്.തോമസ് കോളേജ് സമൂഹത്തിന് നൽകുന്ന സംഭാവനകളെയും വാനോളം പുകഴ്ത്തിയാണ് രാഷ്ട്രപതി മടങ്ങിയത്. നൂറു വർഷം മുന്നേ നവോത്ഥാന പോരാട്ടത്തിന് തുടക്കമിട്ട വൈക്കം സത്യഗ്രഹ സമരം കോട്ടയത്തിന്റെ മണ്ണിലാണ് തുടങ്ങിയതെന്ന് പറഞ്ഞ രാഷ്ട്രപതി കോട്ടയത്ത് രാജ്യത്തെ ആദ്യ അച്ചടി യന്ത്രം സ്ഥാപിച്ചതും അക്ഷരനഗരിയെന്ന പേരിലൂടെ രാജ്യത്തിന് അഭിമാനമായതും അനുസ്മരിച്ചു. വായിച്ചു വളരുകയെന്ന ലളിതമായ ചിന്തയിലൂടെ ശക്തമായ സന്ദേശം നൽകിയ പി.എൻ പണിക്കരുടെ സംഭാവനയും സൂചിപ്പിച്ചു. സാധാരണ പശ്ചാത്തലത്തിൽ നിന്നു രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ കെ.ആർ. നാരായണൻ, കോളേജിലെ പൂർവ വിദ്യാർത്ഥികളായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, കായികതാരം ജിമ്മി ജോർജ് എന്നിവരെയും രാഷ്ട്രപതി തന്റെ വാക്കുകളിലൂടെ അനുസ്മരിച്ചപ്പോൾ വേദിയും സദസും സന്തോഷത്തോടെ പങ്കാളികളായി. പ്രധാനമന്ത്രിയുടെ ആശയമായ വികസിത ഭാരതത്തിന് കോളേജിന് സംഭാവനകൾ നൽകാൻ കഴിയട്ടെയെന്ന് ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് എന്നിവർ പ്രസംഗിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ,പാലാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, എം.പി.മാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, മാണി സി. കാപ്പൻ എം.എൽ.എ എന്നിവരും വേദിയിലുണ്ടായിരുന്നു. മഴമാറി നിന്നതിനാൽ നിശ്ചയിച്ചതിലും നേരത്തെ കോളേജിലെ പരിപാടികൾ ആരംഭിച്ചു.
മലയാളത്തിൽ തുടങ്ങി
പ്രിയപ്പെട്ട വിദ്യാർഥികളെ, സഹോദരീ സഹോദരൻമാരെ... മലയാളത്തിൽ അഭിസംബോധന ചെയ്തു സദസിനെ കീഴടക്കി രാഷ്ട്രപതി. പ്രസംഗം അവസാനിച്ചതും എല്ലാവർക്കും എന്റെ ആശംസകൾ എന്ന് പറഞ്ഞാണ്.
'' യുവതലമുറ തൊഴിൽ അന്വേഷിക്കുന്നവരായല്ല, തൊഴിൽ ദാതാക്കളായി മാറണം. പ്രധാനമന്ത്രിയുടെ വികസിത ഭാരത സങ്കൽപ്പത്തിന്റെ ഭാഗമായി യുവാക്കൾ മാറണം.യുവാക്കൾക്ക് ഇക്കാര്യത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ട്. ഈ ലക്ഷ്യത്തിലേക്ക് നീങ്ങാൻ വിദ്യാഭ്യാസ രീതിയിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടതായുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ സംഭാവനങ്ങളുടെ മേന്മ ലോകം അറിഞ്ഞതാണ്. വിദ്യാഭ്യാസ മേഖലയിൽ ഇന്നത്തെ കേരളമാണ് നാളെത്തെ ഇന്ത്യ.
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണർ
''ഒരു ദേശത്തിന്റെ ബൗദ്ധിക, ഭൗതിക, ആദ്ധ്യാത്മിക ഉന്നതിയിൽ സെന്റ് തോമസ് കോളേജിന്റെ പങ്ക് നിസ്തുലം. തലമുറകൾ അനുഭവിച്ചും വരും തലമുറകൾ അനുഭവിക്കാനിരിക്കുന്നതുമായ വൈജ്ഞാനിക ഖനിയാണ് കോളേജ്.
ജോർജ് കുര്യൻ, കേന്ദ്രമന്ത്രി
'' രാജ്യത്തിന്റെ ഭരണ, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ പുരോഗതിയിൽ സെന്റ് .തോമസ് കോളജ് പകർന്നു നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തത്. വൈജ്ഞാനിക സമ്പത്തു പകർന്നു നൽകിയതിലും ഈ കലാലയം മാതൃകയാണ്. മന്ത്രി വി.എൻ.വാസവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |