
കോട്ടയം : ഈച്ചശല്യത്തിൽ പൊറുതി മുട്ടി നഗരവാസികൾ. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഒരുമാസമായി ശല്യം രൂക്ഷമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞതോടെയാണ് ഈച്ചകളും പെറ്റുപെരുകിയത്.
നഗര ഹൃദയ ഭാഗത്തും ഗാന്ധിനഗർ, സംക്രാന്തി, കുമരകം, കോടിമത പ്രദേശങ്ങളിലും ഈച്ചശല്യം കൂടിയിട്ടുണ്ട്. ചീഞ്ഞ മാലിന്യങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളാണ് വീടുകളിലും കടകളിലും വ്യാപകമായി പറന്നെത്തുന്നത്. വീടുകളിൽ അടുക്കളയിലാണ് ഏറ്റവുമധികം ശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. വീടുകളിലെ ഓരോ മുറിയിലും കെണിവെച്ച് ഇവയെ പിടികൂടേണ്ട ഗതികേടാണ്. ഒരു വശത്ത് പശയുള്ള ഒരു തരം പേപ്പർ ആണ് ഈച്ചക്കെണിയായി ഇപ്പോൾ വിപണിയിൽ കിട്ടുന്നത്. ഇത് വച്ചാൽ ഈച്ചകൾ ഇതിൽ പറന്നിരിക്കും. പശയിൽ കാൽ ഒട്ടുന്നതു മൂലം പിന്നീട് പറന്നുപോകാൻ കഴിയില്ല. ഈച്ചശല്യത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതിയുമായി എത്തുന്നുണ്ട്.
ബ്ളീച്ചിംഗ് പൗഡറിനും ഡിമാൻഡ്
ബ്ലീച്ചിംഗ് പൗഡർ ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിന് പുറമേ ഈച്ചകൾക്കെതിരായ ലോഷനുകൾക്കും പശയുള്ള ഈച്ചക്കെണികൾക്കും ഡിമാൻഡ് കൂടി. എന്തൊക്കെ ചെയ്തിട്ടും ഈച്ചകൾ കുറയാത്തതിൽ നാട്ടുകാർ പെട്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |