
കോട്ടയം: കറുകച്ചാൽ,മാടപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പരപ്പൊഴിഞ്ഞ ഭാഗത്തെ കുടുംബങ്ങൾ അത്രയേറെ അമർഷത്തിലാണ്. ഒപ്പം നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. പക്ഷേ ഇതൊന്നും വകവെയ്ക്കാതെ കുന്നിടിച്ച് നിരത്തി പ്രദേശത്ത് നിന്ന് ലോഡ് കണക്കിന് മണ്ണ് കടത്തുകയാണ് മണ്ണ് മാഫിയ. സർവ നിയന്ത്രണങ്ങളെയും കാറ്റിൽപ്പറത്തിയാണ് മണ്ണെടുപ്പ് ജില്ലയിൽ വ്യാപകമാകുന്നത്. ജനവാസമേഖലയിലെ മണ്ണെടുപ്പ് വലിയ ദുരിതമാണ് നാട്ടുകാർക്ക് സമ്മാനിക്കുന്നത്. ദേശീയപാതയുടെ ആവശ്യത്തിനായാണ് മണ്ണ് നീക്കുന്നതെന്നാണ് അധികൃതരുടെ വാദം. രണ്ടര വർഷം മുൻപും പ്രദേശത്ത് മണ്ണെടുപ്പ് നടന്നിരുന്നു. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് നിറുത്തിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കുന്നിടിച്ച് നിരത്തുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.രാത്രിയിൽ ഉൾപ്പെടെ ലോഡ് കണക്കിന് മണ്ണാണ് കടത്തുന്നത്.
ഇവിടെയെല്ലാം അനധികൃതം
വീട് നിർമ്മിക്കാനെന്ന വ്യാജേനയും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുമാണ് കുന്നിടിക്കൽ നടക്കുന്നത്. സ്ഥലം വാങ്ങിയ ശേഷം കെട്ടിടം നിർമ്മിക്കാനായി അനുമതി തേടും. ഇതിന്റെ മറവിൽ ഏക്കറുകളോളം ഇടിച്ചുനിരത്തും. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമ്പോഴാണ് നിയമലംഘനം വ്യക്തമാകുന്നത്. എടുത്തിട്ട മണ്ണ് അളന്ന് തിട്ടപ്പെടുത്തിയാൽ മാത്രമേ ജിയോളജി വകുപ്പ് അനുമതി നൽകാവൂ എന്നാണ് നിയമം. ആദ്യം സ്ഥലം സന്ദർശിക്കുമ്പോൾ ഏകദേശ തുക കണക്കാക്കി അധികൃതർ റോയൽറ്റി നിശ്ചയിക്കുകയാണ് ചെയ്യുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷം
മണ്ണെടുപ്പ് പതിവായതോടെ, പ്രദേശത്ത് കുടിവെള്ളക്ഷാമം നേരിട്ടു തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. പ്രദേശത്ത് പൊടിശല്യവുമുണ്ട്.
മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. വിഷയത്തിൽ അടിയന്തിര നടപടി വേണം. അല്ലാത്തപക്ഷം സമരം ആരംഭിക്കും. (ടി.ജെ.തങ്കപ്പൻ ദളിത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |