കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ 23 ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പാതിയിലേറെ സ്ഥലത്തും പോരാട്ടം ശക്തമായി. കഴിഞ്ഞ തവണ 22 ഡിവിഷനിൽ 14 ഇടത്തും വിജയിച്ചാണ് എൽ.ഡി .എഫ് ഭരണം പിടിച്ചത്. പുതിയ ഡിവിഷനായ തലനാട് അടക്കം ഈ തിരഞ്ഞെടുപ്പിൽ 15 ഇടത്ത് വിജയിക്കുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം. കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടതിന് പിറകേ നടന്ന തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ലെന്നും കേവല ഭൂരിപക്ഷമായ 12 സീറ്റ് കുറഞ്ഞത് ലഭിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. ഷോൺ ജോർജിലൂടെ ലഭിച്ച ഒരു സീറ്റ് രണ്ടാക്കി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡിഎ.
കഴിഞ്ഞ തവണ കൈവിട്ട മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, ഭരണങ്ങാനം, കങ്ങഴ, പൂഞ്ഞാർ, എരുമേലി സീറ്റുകൾ ഇടതുമുന്നണിയിൽ നിന്ന് തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ആറ് സീറ്റിലാണ് കേരള കോൺഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകൾ ഏറ്റുമുട്ടുന്നത്. കടുത്തുരുത്തി ഡിവിഷനിൽ യു.ഡി.എഫിനായി മത്സരിക്കുന്ന 24 കാരി ആൻ മരിയയാണ് പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. കാഞ്ഞിരപ്പള്ളി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി 73 കാരനായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളിയാണ് സീനിയർ.
റിബൽ ശല്യവും കുറവ്
71 ൽ 50 പഞ്ചായത്തുകളും, പതിനൊന്നിൽ പത്തു ബ്ലോക്കുകളും കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയിരുന്നു. ഒരു മുന്നണിയ്ക്കും അനുകൂലമായ തരംഗം പൊതുവേ പ്രകടമല്ല. യു.ഡി.എഫിൽ റിബൽ ശല്യവും ഘടകകക്ഷികൾ തമ്മിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന അസ്വാരസ്യവുമില്ല. എൻ.ഡിഎയിൽ ബി.ജെ.പിയും ബി.ഡിജെ.സുമായി ഉണ്ടായ തർക്കങ്ങളും പരിഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |