
കോട്ടയം : ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിക്കുമെന്ന് എൽ.ഡി.എഫും, യു.ഡി.എഫും ഒരുപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ കൂടുതൽ ഇടങ്ങളിലേയ്ക്ക് കടന്നുകയറുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. എൻ.ഡി.എയെ തോൽപ്പിക്കാൻ വ്യാപകമായി യു.ഡി.എഫും, എൽ.ഡി.എഫും ക്രോസ് വോട്ടിംഗ് നടത്തിയെന്ന മുൻകൂർ ജാമ്യവും നേതാക്കളെടുത്തിട്ടുണ്ട്. എന്തായാലും ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാകുമെന്നാണ് വിലയിരുത്തൽ. ഗ്രാമ, ബ്ലോക്ക് തലങ്ങളിലെ വിജയ, പരാജയങ്ങൾ രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക വിഷയങ്ങളെയും സ്ഥാനാർത്ഥികളെയും ആശ്രയിച്ചിക്കുമെങ്കിൽ ജില്ലാ പഞ്ചായത്തിൽ രാഷ്ട്രീയമാണ് പ്രധാന വിഷയം. അതിനാൽ ഓരോ ഡിവിഷനിലെ വിജയം മുന്നണികൾക്ക് നിർണായകമാണ്.
ജില്ലാ പഞ്ചായത്ത് പിടിക്കും : യു.ഡി.എഫ്
15 -18 ഡിവിഷനുകളിൽ വിജയിച്ച് ജില്ലാപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുമെന്ന വിശ്വാസമാണ് യു.ഡി.എഫ് നേതാക്കൾ പങ്കുവയ്ക്കുന്നത്. കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ ഉൾപ്പെടെ ഇത്തവണ വൻ തിരിച്ചുവരവുണ്ടാകും. വൈക്കം മേഖലയിലും കൂടുതൽ സീറ്റുകൾ ലഭിക്കും. പൂഞ്ഞാറിൽ പി.സി.ജോർജിന്റെയും, ബി.ജെ.പിയുടെയും സ്വാധീനമുണ്ടാകുമെങ്കിലും ജില്ലാ പഞ്ചായത്ത് സീറ്റുകളെ ബാധിക്കില്ലെന്ന് യു.ഡി.എഫ്. വിശ്വസിക്കുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ ഡിവിഷനുകളിലും വലിയ ഭൂരിപക്ഷത്തോടെ വിജയമുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. ഭൂരിഭാഗം ബ്ലോക്കുകളിലും ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ കഴിയും. ഒന്നു മുതൽ മൂന്നു വരെ ബ്ലോക്കുകൾ നഷ്ടമായേക്കാം. ഭരണം ലഭിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം 50 കടന്നാലും അതിശയിക്കേണ്ടെന്നും ഒന്നൊഴികെ നഗരസഭകളിൽ ഭരണം കിട്ടുമെന്നുമാണ് വിലയിരുത്തൽ.
അനുകൂല തരംഗമെന്ന് എൽ.ഡി.എഫ്
18 സീറ്റുകൾ വരെ നേടി വൻവിജയമാണ് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ നിസാര വോട്ടുകൾക്ക് നഷ്ടമായ അതിരമ്പുഴ ഉൾപ്പെടെ തിരിച്ചുപിടിക്കുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. ശക്തമായ രാഷ്ട്രീയ പോരാട്ടം ഭൂരിഭാഗം ഡിവിഷനുകളിലുമുണ്ടായി. പൂഞ്ഞാറിൽ ഉൾപ്പെടെ ഇത്തവണ വിജയം ഉറപ്പിക്കാൻ കഴിയുമെന്നും നേതാക്കൾ പറയുന്നു. പൂഞ്ഞാറിൽ പി.സി. ജോർജും ബി.ജെ.പിയും വിജയ പരാജയങ്ങളെ ബാധിക്കുമെന്ന് ആദ്യഘട്ടത്തിൽ കരുതിയിരുന്നുവെങ്കിലും ജോർജിന്റെ വൈദികനെതിരായ പ്രസ്താവന ഉൾപ്പെടെ ഇടതുമുന്നണിയ്‌ക്ക് ഗുണമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈരാറ്റുപേട്ട ഒഴികെയുള്ള നഗരസഭകളിൽ ഇത്തവണ ഭരണം നടത്താൻ കഴിയുമെന്നും നേതൃത്വം വിശ്വസിക്കുന്നു.
6 പഞ്ചായത്തുകളിൽ എൻ.ഡി.എ പ്രതീക്ഷ
പൂഞ്ഞാർ, തലനാട്, പൊൻകുന്നം ഡിവിഷനുകളിലാണ് എൻ.ഡി.എയുടെ വിജയപ്രതീക്ഷ. ഡിവിഷനുകളൊന്നും ലഭിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്ത് എങ്കിലും എത്താൻ കഴിഞ്ഞാൽ രാഷ്ട്രീയ വിജയമായാണ് പാർട്ടി വിലയിരുത്തുന്നത്. ഏതാനും ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ ഉറപ്പാണെന്നും ഇത്തവണ അധികമായി ആറു പഞ്ചായത്തുകളിൽ കൂടി ഭരണം പിടിക്കാൻ കഴിയുമെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ ലഭിച്ച പള്ളിക്കത്തോടിനും മുത്തോലിയ്ക്കും പുറമേ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ്, അയ്മനം പഞ്ചായത്തുകളിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |