
കോട്ടയം : അവധിയാഘോഷവും, ശബരിമല സീസണും കെ.എസ്.ആർ.ടി.സിയ്ക്ക് അനുഗ്രഹമായി. വരുമാനത്തിൽ ടോപ്പ് ഗിയറിട്ട് കോട്ടയം ഡിപ്പോ. തിങ്കളാഴ്ച ഏഴു ലക്ഷത്തിലേറെ രൂപയുടെ വരുമാനമാണ് ലഭിച്ചത്. പമ്പ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനാൽ ഡിപ്പോയുടെ സ്‌പെഷ്യൽ ടാർജറ്റ് 25 ലക്ഷം രൂപയായിരുന്നു. വരുമാനമായി ലഭിച്ചത് 32.53 ലക്ഷം. പമ്പ ഒഴികെയുള്ള സർവീസുകളുടെ മാത്രം ടാർജറ്റ് 16.89 ലക്ഷം രൂപയായിരുന്നെങ്കിലും ലഭിച്ചത് 18.86 ലക്ഷം. തിങ്കളാഴ്ച ദീർഘ, ഹ്രസ്വ ദൂര റൂട്ടുകളിലെല്ലാം യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പമ്പ സർവീസുകളിലും സ്ഥിതി സമാനമായിരുന്നു. ഡിപ്പോയുടെ സാധാരണയുള്ള 70 സർവീസുകൾ ഉൾപ്പെടെ 120 സർവീസുകളാണ് തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്തത്. ബംഗളൂരുവിലേക്ക് ഒരാഴ്ചയിലേറെയായി ഓടിയിരുന്ന സ്‌പെഷ്യൽ സർവീസും വരുമാനവർദ്ധനവിന് സഹായിച്ചു. നിലവിൽ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന സ്ലീപ്പർ കം സീറ്റർ സർവീസിന് പുറമേ ഡീലക്‌സ് സർവീസാണ് ക്രിസ്മസ് അവധി നാളുകളിൽ ബംഗളൂരു സ്‌പെഷ്യലായി ഓടിയത്. ഒരു തവണ പോയി മടങ്ങിയെത്തുമ്പോൾ ഒരു ലക്ഷം രൂപയാണ് വരുമാനം. അധിക സർവീസുകൾ സ്ഥിരം സർവീസാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇനി പ്രതീക്ഷ മകരവിളക്ക്
മകരവിളക്ക് അടുക്കുന്നതോടെ പമ്പ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. മകര വിളക്ക് ദിവസം 1000 ബസുകൾ പമ്പയിലുണ്ടാകുന്ന രീതിയിലാണ് ബസുകൾ അനുവദിക്കുന്നത്. ഇതിൽ കോട്ടയത്തിനും കൂടുതൽ ബസുകൾ കിട്ടും. നിലവിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മുഴുവൻ സമയവും പമ്പ സർവീസ് നടത്തുന്നുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |