
എരുമേലി : ആധുനിക കെട്ടിടം, അതും വാസ്തുവിദ്യാശില്പ ചാരുതയിൽ, ഒപ്പം വീതിയേറിയ റോഡും പൂന്തോട്ടവും... പക്ഷെ എന്ത് കാര്യം.. കോടികൾ ചെലവഴിച്ചിട്ടും നാശത്തിലേക്ക് കൂപ്പുകുത്താനാണ് എരുമേലി ഡി.ടി.പി.സി സെന്ററിന്റെ വിധി. കനത്ത നഷ്ടം മൂലം അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും ഇവിടേക്ക് ആളുമാത്രം എത്തിയില്ല. ശബരിമല തീർഥാടകർക്ക് വിശ്രമസങ്കേതമായാണ് സെന്റർ നിർമ്മിച്ചതെങ്കിലും തീർത്ഥാടകരും നന്നേ കുറവാണ്. ഇപ്പോൾ കയറിപ്പറ്റിയത് തെരുവുനായ്ക്കളും ഇഴജന്തുക്കളും. നഷ്ടം മൂലം ആദ്യം കെ.ടി.ഡി.സി കൈയൊഴിഞ്ഞു. സമീപകാലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറിയിട്ടും ലാഭം നേടാനായില്ല. വല്ലപ്പോഴും നടക്കുന്ന വിവാഹപരിപാടികൾ ഒഴിച്ചാൽ സെന്ററിൽ കാര്യമായ പ്രവർത്തനമില്ല. 2003ലാണ് ഒന്നര ഏക്കർ സ്ഥലത്ത് 15 കോടിയോളം ചെലവിട്ട് വിശ്രമകേന്ദ്രം നിർമിച്ചത്. അന്നത്തെ ടൂറിസം മന്ത്രി കെ.വി. തോമസായിരുന്നു ഉദ്ഘാടകൻ.
വൃത്തിയാക്കാനാളില്ല
പരിസരമാകെ ചപ്പുചവറുകൾ നിറഞ്ഞിരിക്കുകയാണ്. കൃത്യമായി വേതനം ലഭിക്കാത്തതിനാൽ ശുചീകരണ തൊഴിലാളികളും സ്ഥലംവിട്ടു. മൂന്നു ഹാളുകൾ, രണ്ടു ഡോർമെട്രികൾ, എട്ടു മുറികൾ, 80 ശൗചാലയങ്ങളുമായി നിർമ്മിച്ച സെന്ററിൽ പിന്നീട് ഒരു ഹാളും രണ്ടു വി.ഐ.പി മുറികളും കൂടി നിർമ്മിച്ചിരുന്നു. വീതിയേറിയ റോഡുകളും നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വർഷങ്ങൾക്ക് മുൻപ് ടൂറിസം ഹബ്ബും ഒരുക്കിയിരുന്നു. 2023ൽ ഒരു കോടി രൂപ ചെലവിട്ട് നവീകരണ ജോലികളും നടത്തി.
കെട്ടിടം നിർമ്മിച്ചത് : 2003
നിർമ്മാണ ചെലവ് : 15 കോടി
''കോടിക്കണക്കിന് രൂപ മുടക്കിയിട്ട് കാര്യമില്ല. അത് ജനങ്ങളിലേക്കെത്തിക്കാൻ കൂടി അധികൃതർ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ഇനിയുമുണ്ടാകും.
രാജീവൻ, എരുമേലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |