
കോട്ടയം : ശബരിമല സ്വർണക്കൊള്ള, എഫ്.സി.ആർ.എ ഭേദഗതി, സി.പി.എം, ബി.ജെ.പി, കോൺഗ്രസ് ഡീൽ ആരോപണം , വികസനം, വികസന മുരടിപ്പ് ....ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ ജനകീയ പ്രശ്നങ്ങൾക്ക് പകരം ഉയർത്തിയ വിഷയങ്ങൾ വോട്ടർമാരെ സ്വാധീനിച്ചുവോ എന്നതിൽ ഉറപ്പ് പറയാൻ ഒരു മുന്നണിയ്ക്കും കഴിയുന്നില്ല.
നെൽസംഭരണ പ്രശ്നത്തിന് പരിഹാരം അകലെയാണ്. പത്തുകിലോ വരെ കിഴിവ് ആവശ്യപ്പെട്ട് സ്വകാര്യമില്ലുകൾ കടുംപിടിത്തം തുടർന്നതോടെ കർഷകർ കുമരകത്ത് റോഡ് ഉപരോധിച്ചുള്ള സമരം വരെ നടത്തിയിട്ടും ആരും സജീവമായി ഇടപെട്ടില്ല. റബറിന് 300 രൂപ താങ്ങുവില പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ മൂന്നു മുന്നണികളും മത്സരിച്ചെന്നാണ് നെൽകർഷകരുടെ പരാതി. പാചകവാതക ക്ഷാമവും വിലക്കയറ്റവും സാധാരണക്കാരെ ബാധിച്ചിട്ടും പ്രചാരണ വിഷയമായില്ല. എൽ.ഡി.എഫ് വികസനം ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയപ്പോൾ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടാനായിരുന്നു യു.ഡി.എഫ് ,എൻ.ഡി.എ സ്ഥാനാർത്ഥികൾ ശ്രമിച്ചത്. ഒപ്പം ശബരിമല സ്വണക്കൊള്ള ആദ്യാവസാനം കത്തിച്ച് നിറുത്താനായിരുന്നു കോൺഗ്രസ്, എൻ.ഡി.എ നേതാക്കൾ ശ്രമിച്ചത്. കലാശക്കൊട്ടിന് പോലും യു.ഡി.എഫിന്റെ അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്നുയർന്നത് സ്വർണക്കൊള്ളയിലെ പാരഡിപ്പാട്ടാണ്.
ഡീൽ ആരോപണം കടുപ്പിച്ച്
ഏറ്റുമാനൂരിൽ ട്വന്റി ട്വന്റി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലായിരുന്നു. പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടി വന്നതോടെ ഇത് സി.പി.എം - ബി.ജെ.പി ഡീലെന്ന ആരോപണം ഉയർന്നു. വിദേശ ഫണ്ട് വിനിയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട എഫ്.സി.ആർ.എ ബില്ലായിരുന്നു അവസാനം എൻ.ഡിഎയ്ക്കെതിരെ ഇരുമുന്നണികളും പ്രചാരണായുധമാക്കിയത് . ബില്ല് തങ്ങൾക്ക് പാരയാകുമെന്ന് മനസിലാക്കിയ ക്രൈസ്തവസഭ ബിഷപ്പുമാർ ഇതിനെതിരെ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകിച്ചും പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫും, യു.ഡി.എഫും ഇത് തങ്ങൾക്ക് അനുകൂലമാക്കാനുള്ള കൊണ്ടുപിടിച്ച പ്രചാരണമാണ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |