കോട്ടയം: കേരളത്തിലെ സർവകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാല സംഘടിപ്പിച്ച ഗ്ലോബൽ അക്കാഡമിക് കാർണിവൽ യുനോയ 2023 ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രദർശനത്തിന്റെയും സെമിനാറുകളുടെയും പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ചലച്ചിത്രോത്സവം നടി സുരഭി ലക്ഷ്മിയും സാംസ്‌കാരികോത്സവം സംവിധായകൻ ലാൽ ജോസും ഉദ്ഘാടനം ചെയ്തു. എം.ജി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ - വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ, സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. പി. ഹരികൃഷ്ണൻ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ജിനീഷ രാജൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
.
അറിവും കൗതുകവും നിറയുന്ന മെഡെക്‌സ്
സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ ബസേലിയസ് കോളേജിൽ നടത്തുന്ന മെഡെക്‌സ് (മെഡിക്കൽ പ്രദർശനം) കാണാനാണ് കൂടുതൽ ആളുകൾ എത്തുന്നത്. ആരോഗ്യ രംഗത്തെ ന്യൂനതമായ ആശയങ്ങൾ, വിവിധതരം പരിശോധന രീതികൾ, ഉപകരണങ്ങളുടെ മാതൃകകൾ തുടങ്ങി വിജ്ഞാനപ്രദമായ ഒട്ടേറെ കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ചലച്ചിത്രമേള ഇന്ന്
കാർണിവലിന്റെ ഭാഗമായുള്ള ചലച്ചിത്രമേള ഇന്ന് സി.എം.എസ്.കോളേജിൽ നടക്കും. ജെൻഡർ, പരിസ്ഥിതി എന്നീ വിഷയങ്ങളിലായി ഇന്നും നാളെയുമാണ് പ്രദർശനം. ഓപ്പൺ ഫോറങ്ങളിൽ സംവിധായകരായ കമൽ, വിധു വിൻസെന്റ്, മധു ജനാർദ്ദനൻ, എഴുത്തുകാരി വി.എസ്. ബിന്ദു, ഫിലിം സെസൈറ്റി പ്രവർത്തക ജ്യോതി നാരായണൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |