പാലാ . ജില്ലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതക്കയത്തിൽ. ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും മത്സരപ്പരീക്ഷകൾക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റ് വേണം. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പകരം ആളെ വച്ച് പരീക്ഷ എഴുതണമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന ലേണിംഗ് ഡിസിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാർച്ച് രണ്ടാം വാരം ആരംഭിക്കുന്ന എസ് എൽ എൽ സി, പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണ് ഇതോടെ ആശങ്കയിലായത്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്വകാര്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധന പ്രയോജനപ്പെടുത്തണമെന്നതാണ് ജില്ലാതല യോഗത്തിന്റെ നിർദ്ദേശം. സ്വകാര്യ പരിശോധനാ സർട്ടിഫിക്കറ്റിനു മാത്രം ഫീസായി 2000 രൂപ വരെ നൽകണം. ഇപ്രകാരം പരിശോധിച്ച ഡോക്ടർ മെഡിക്കൽ ബോർഡിൽ ഹാജരാവേണ്ടതുമുണ്ട്. എന്നാൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മിക്ക ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും മെഡിക്കൽ ബോർഡിൽ വന്നിരിക്കാൻ തയ്യാറാകുന്നില്ല. നിർദ്ധനരായ രക്ഷിതാക്കൾ അവരുടെ തൊഴിൽ നഷ്ടമാക്കി വിദ്യാർത്ഥിയുമായി ഒന്നിലേറെ ദിവസം പരിശോധനയ്ക്കും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനുമായി അലയേണ്ടി വരികയാണ്.
ആരും വരുന്നില്ല, ഉള്ളവരും പോയി.
പി.എസ്.സി വഴിയുള്ള സ്ഥിരം നിയമനം വൈകുന്നു.
മുമ്പ് ദേശീയ ആരോഗ്യ പദ്ധതി പ്രകാരം താത്കാലിക നിയമനം നടത്തിയിരുന്നു.
വേതനക്കുറവ് മൂലം മൂന്ന് തവണ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല.
നേരത്തെ നിയമനം ലഭിച്ചവരിൽ പലരും സർവീസ് വിട്ടുപോയി
വകുപ്പുകൾ തമ്മിൽ രസത്തിലല്ല.
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ചേർച്ചയില്ലായ്മ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ നിയമനത്തെ ബാധിക്കുന്നു. ഇവരെ ആരോഗ്യ വകുപ്പ് നിയമിക്കണമെന്നാണ് ചട്ടം. അത്യാവശ്യ ഘട്ടങ്ങളിൽ വകുപ്പിന്റെ അനുമതിയോടെ വിദ്യാഭ്യാസ വകുപ്പിന് താത്കാലിക നിയമനം നടത്താം. വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ദിവസങ്ങൾക്ക് മുമ്പാണ് വിദ്യാഭ്യാസ വകുപ്പ് സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് അറിയിക്കുന്നത്. ഭിന്നശേഷിയുള്ള ഒരാളെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ കുറഞ്ഞത് 15 മിനിട്ട് വേണ്ടിവരും.
ജെയ്സൺ മാന്തോട്ടം പറയുന്നു.
എല്ലാ താലൂക്ക് അടിസ്ഥാനത്തിനും പ്രധാന സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും മെഡിക്കൽ ബോർഡും രൂപീകരിച്ച് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ വിദ്യാഭ്യാസ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |