കോഴിക്കോട് : പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ജില്ലയിൽ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലുള്ള 1285 സ്കൂളുകളുടെ പരിശോധനയാണ് നടക്കുന്നത്. ഓരോ സ്കൂളുകൾക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗമാണ് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. സ്കൂൾ പ്രധാനാദ്ധ്യാപകർ അപേക്ഷ സമർപ്പിക്കുമ്പോൾ മുൻ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിലെ ക്ലാസുകൾ വാടക കെട്ടിടത്തിലോ, മറ്റു സ്ഥാപനങ്ങളിലോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്തരം കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചശേഷമേ സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. സ്കൂളുകളുടെ അറ്രകുറ്റപ്പണികൾ 27 നകം പൂർത്തിയാക്കണം. നിർമാണം നടക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കണം. കെട്ടിടനിർമാണം നടക്കുന്നയിടങ്ങളിൽ ദിനംപ്രതി തൊഴിലാളികളുടെ വിവരങ്ങളും ശേഖരിക്കാനും നിർദ്ദേശമുണ്ട്.
ഫിറ്റ്നസ് നിർബന്ധം
- പ്രവർത്തനാനുമതിക്ക് അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് ബോദ്ധ്യപ്പെടണം
-ഓരോ അദ്ധ്യയനവർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് കെ.ഇ.ആർ (കേരള എഡ്യുക്കേഷൻ ആക്റ്റ് ആൻഡ് റൂൾസ് ) ചട്ടം
-ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കിണറുകളിലെ സുരക്ഷാഭിത്തി, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ, ടോയ്ലെറ്റ് ഉൾപ്പടെ പരിശോധിക്കും
'' ജില്ലയിലെ സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധനകൾ പുരോഗമിക്കുകയാണ്.
- സി. മനോജ് കുമാർ, ഡി.ഡി.ഇ കോഴിക്കോട്
വിദ്യാലയങ്ങൾ
1285
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |