കോഴിക്കോട്: അവധി ദിവസം നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ തീപിടിത്തത്തിന്റെ ഭീതി ഒഴിഞ്ഞില്ല. നിമിഷ നേരം കൊണ്ട് കത്തിയമർന്നത് നൂറുകണക്കിനാളുകളുടെ ഉപജീവന മാർഗമാണ്. തീപിടിത്തം ആരംഭിച്ച കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ മാത്രം 30 ഓളം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഞായറാഴ്ച വെെകീട്ട് 5 മണിയോടെയുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർണമായും അണക്കാനായത് പുലർച്ചെ മൂന്ന് മണിയോടെയാണ്. വെള്ളം അകത്തേക്ക് പമ്പ് ചെയ്യാൻ സാധിക്കാത്തവിധം ബോർഡുകൾ വെച്ച് മറച്ച നിലയിലായിരുന്നു കെട്ടിടം. ഇത് തീയണക്കാനുള്ള ശ്രമങ്ങളെ ദുസഹമാക്കിയിരുന്നു. തീയണച്ചശേഷം കെട്ടിടത്തിന്റെ ഭാഗത്തേക്ക് ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. പി.ആർ.സി മെഡിക്കൽസിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ കുറച്ചുപേർ രാവിലെ ജോലിക്കെത്തിയിരുന്നു. സ്ഥാപനത്തിലേക്ക് തീ വ്യാപിക്കാത്തതിനാൽ തുറക്കാൻ സാധിക്കുമെന്നാണ് ഇവർ കരുതിയിരുന്നത്. തീപിടിത്തം രൂക്ഷമായപ്പോൾ സിറ്റി ബസുകളുൾപ്പെടെ സർവീസ് നിർത്തിയിരുന്നു. രാവിലെ മുതൽ തന്നെ ബസ് സ്റ്റാൻഡിലെ സർവീസുകളെല്ലാം പുനരാരംഭിച്ചു. തീപിടിത്തമുണ്ടായ ഭാഗത്തുനിന്നും സർവീസാരംഭിച്ചിരുന്ന ബാലുശ്ശേരി, നരിക്കുനി ഭാഗത്തേക്കുള്ള ബസുകൾ തൃശൂർ, പാലക്കാട് ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്തു നിന്നും യാത്ര ആരംഭിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ള സമീപത്തെ റോഡ് വഴി മാനാഞ്ചിറയിലൂടെയാണ് സർവീസ് നടത്തിയത്. രാവിലെ മുതൽ സിറ്റി ബസുകളുൾപ്പെടെ സർവീസുകൾ ആരംഭിച്ചത് ആശ്വാസമായെന്ന് യാത്രക്കാരും പറഞ്ഞു.
പ്രവേശനം അനുവദിച്ചത് ലോട്ടറിക്കടക്കാർക്ക് മാത്രം
കോഴിക്കോട്: തീ പൂർണമായും അണച്ച ശേഷവും പരിശോധന നടത്തേണ്ടതിനാൽ കെട്ടിടത്തിലെ സ്ഥാപന ഉടമകളെയുൾപ്പെടെ കടത്തിവിട്ടിട്ടില്ലായിരുന്നു. കെട്ടിടത്തിനകത്ത് 13 ലോട്ടറി കടകളാണ് പ്രവർത്തിച്ചിരുന്നത്.
പെട്ടെന്ന് തീ പടർന്നപ്പോൾ സ്ഥാപനമടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു ഇവർ. രാത്രിമുഴുവൻ തങ്ങളുടെ കടകളിലേക്ക് തീ വ്യാപിക്കുമോ എന്ന ആധിയോടെയാണ് കഴിച്ചുകൂട്ടിയതെന്ന് ദീപം, വിനായക ലോട്ടറി ഏജൻസികളുടെ ഉടമയും ലോട്ടറി വ്യാപാര സമിതി ജില്ലാ പ്രസിഡന്റുമായ ടി.ആർ വിനയകൃഷ്ണൻ പറഞ്ഞു. ഇന്നലെ രാവിലെ തന്നെ കളക്ട്രേറ്റിലെത്തി ഡെപ്യൂട്ടി കളക്ടറെ നേരിട്ട് കണ്ട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും വിൽപ്പനക്കായെത്തിച്ച ടിക്കറ്റുകളും എടുക്കാൻ അനുവദിക്കണമെന്ന് കത്ത് നൽകി. ഇന്നലെ ഒരു ദിവസം മാത്രം 90,000 രൂപയുടെ നഷ്ടമുണ്ടായതായും വിനയകൃഷ്ണൻ പറഞ്ഞു.
കെട്ടിടത്തിലെ പരിശോധനകൾ ആരംഭിച്ച ശേഷം ഓരോ കച്ചവടക്കാരെയായി അകത്ത് പ്രവേശിപ്പിച്ചു. ഇവിടെ പ്രവർത്തിക്കുന്ന മഹാലക്ഷ്മി ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനായിരുന്നു ഇന്നലെ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത്. ടിക്കറ്റ് സംബന്ധിച്ച രേഖകളെല്ലാം മുൻപുതന്നെ മാറ്റിയതിനാൽ ആശങ്ക ഒഴിവാക്കാനായെന്ന് കടയുടമ ജീവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |