കോഴിക്കോട്: ചെറുതും വലുതുമായ തീപിടിത്തങ്ങൾ നിത്യ സംഭവമാകുമ്പോഴും നഗരത്തിലെ പല കെട്ടിട സമുച്ഛയങ്ങളും പ്രവർത്തിക്കുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ. അറ്റകുറ്റപ്പണികൾ നടത്തി വർഷാവർഷം ഫയർഫോഴ്സിന്റെ എൻ.ഒ.സി വാങ്ങണമെന്ന നിബന്ധന പലരും പാലിക്കുന്നില്ല. രണ്ട് വർഷത്തിലൊരിക്കൽ എൻ.ഒ.സി പുതുക്കണമെന്നാണ് ചട്ടം. എന്നാൽ പത്ത് വർഷമായി പുതുക്കാത്ത കെട്ടിടങ്ങൾ വരെയുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ പുതിയ സ്റ്റാൻഡിലെ വസ്ത്ര വ്യാപാര സമുച്ഛയത്തിനും ഫയർഫോഴ്സിന്റെ എൻ.ഒ.സി ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായാൽ അണയക്കാൻ വേണ്ട അഗ്നിശമന ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. തീപിടിത്തത്തിന് ശേഷം പരിശോധന നടത്തിയപ്പോഴാണ് മതിയായ വായുസഞ്ചാരവും രക്ഷാമാർഗങ്ങളും ഇല്ലെന്ന് കണ്ടെത്തുന്നത്. മിഠായിത്തെരുവിലടക്കം തീപിടിത്തമുണ്ടാകാതിരിക്കാൻ കടകൾക്ക് നൽകിയ നിർദേശങ്ങളും മുൻകരുതലുകളും പലരും പാലിക്കുന്നില്ല. ചെറിയ കടമുറികളിൽ സാധനങ്ങൾ കുത്തി നിറച്ചാണ് സൂക്ഷിക്കുന്നത്. മാത്രമല്ല കടകൾക്ക് മുൻപിലെ സ്ഥലം കൈയേറി ഇവിടെയും സാധനങ്ങൾ സൂക്ഷിക്കുന്നുമുണ്ട്.ഇത് അപകടമുണ്ടായിക്കഴിഞ്ഞാൽ രക്ഷാപ്രവർത്തനം നടത്താൻ വൈകിക്കാനിടയാകും. കെട്ടിടങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനരഹിതമാകുന്നതും പതിവാണ്.
അഗ്നിശമന ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ അറിയുന്നവരും കുറവാണ്. ചില കടകളിലെ വയറിംഗ് ഉൾപ്പെടെ സംവിധാനങ്ങൾ സുരക്ഷിതവുമല്ല. മീറ്റർ ബോർഡുകൾക്കും സ്വിച്ച് ബോർഡുകൾക്കും മുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നുണ്ട്. അപകട സാദ്ധ്യത വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |