സാധാരണ, ഇൻബോർഡ് വള്ളങ്ങൾ ഉപയോഗിക്കാം
കോഴിക്കോട്: ഒമ്പതിന് രാത്രി 12 മുതൽ ജൂലായ് 31 വരെ പ്രഖ്യാപിച്ച ട്രോളിംഗ് നിരോധന കാലയളവിൽ ജില്ലയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. സാധാരണ വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താം.
ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രം ഉപയോഗിക്കണം. രണ്ടു ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് പാടില്ല. നിയമലംഘിച്ചാൽ കർശന നടപടിയെടുക്കും. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ഒമ്പത് രാത്രി 12ന് മുമ്പ് എല്ലാ ട്രോളിംഗ് ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം. ജൂലായ് 31 രാത്രി 12ന് ശേഷമേ മത്സ്യബന്ധനത്തിന് പോകാവൂ. ഇതര സംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പ് തീരം വിടണം. ബോട്ടുകൾക്ക് ഡീസൽ നൽകുന്നതും വിലക്കി. ട്രോളിംഗ് നിരോധനം സംബന്ധിച്ച് കടലോരപ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റും മറ്റുമായി അറിയിക്കും. രക്ഷാദൗത്യങ്ങൾക്കായി ഫിഷറീസ്, പോർട്ട്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത സംഘങ്ങളുണ്ടാകും. നിരോധനം മൂലം തൊഴിൽ നഷ്ടമാകുന്നവർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ സിവിൽ സപ്ലൈസ് നടപടിയെടുക്കുമെന്ന് കളക്ടർ അറിയിച്ചു. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷൻ മാർക്ക് ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ തിരിച്ചറിയൽ രേഖ, മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവിൽ ഇന്ധനം, ടൂൾ കിറ്റ് എന്നിവ കരുതണം. പ്രക്ഷുബ്ധ കാലാവസ്ഥയിൽ മത്സ്യബന്ധനത്തിന് പോകരുത്.
ജില്ലയിൽ 6,233 യാനങ്ങൾ
ജില്ലയിൽ 552 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും 173 ഇൻബോർഡ്, 5,098 ഔട്ട് ബോർഡ് എൻജിൻ വള്ളങ്ങളും 410 എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങളുമടക്കം 6,233 യാനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതര ജില്ലകളിൽ നിന്ന് 119ഓളം ബോട്ടുകൾ തീരക്കടലിൽ പ്രവർത്തിക്കുന്നു. കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട് .യോഗത്തിൽ ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, സബ് കളക്ടർ ഹർഷിൽ ആർ മീണ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
കൺട്രോൾ റൂം
04952 414074, 04952992194, 9496007052
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |