കോഴിക്കോട് : സ്കൂൾ തുറക്കുന്നതിന് മുന്നേ മുഴുവൻ സ്കൂൾ വാഹനങ്ങളും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കണമെന്ന നിർദ്ദേശം പൂർണമായി നടപ്പായില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും നഗര പരിധിയിൽ 100 ഓളം വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കാനുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ഏതെങ്കിലും വാഹനങ്ങൾ ജില്ലയിലെ മറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തിയോ എന്ന് പരിശോധിച്ചു വരികയാണ്. ഫിറ്റ്നസ് പരിശോധനയ്ക്ക് അഞ്ച് ദിവസം കൂടുതൽ അനുവദിച്ചിരുന്നു. ഡ്രെെവർമാരും ആയമാരും സ്ഥലത്തില്ലാത്തതിനാൽ ബസുകൾ പരിശോധന നടത്താനായില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മുൻകൂട്ടി അറിയിക്കാതെ സ്കൂൾ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തിച്ചാൽ പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരാഴ്ചക്കകം മുൻകൂട്ടി നിശ്ചയിക്കുന്ന ഒരു ദിവസം വാഹന പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്കെല്ലാം ഇ.ഐ.ബി സ്റ്റിക്കർ നൽകിയിട്ടുണ്ട്. സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ കുട്ടികളുമായി യാത്ര നടത്തുന്നുണ്ടോ എന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.
'' സാങ്കേതിക പ്രശ്നങ്ങൾ മൂലം വാഹനങ്ങൾ പരിശോധനയ്ക്കെത്തിക്കാനായില്ല എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഈ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനായി പരിശോധനകൾ നടത്തുന്നുണ്ട്. ഇനിയൊരു തിയതി അറിയിക്കുമ്പോൾ മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്കെത്തിക്കണം.
-മുസ്തഫ, അസി. എം.വി.ഐ കോഴിക്കോട്
-- പരിശോധന കടുപ്പിച്ച് എക്സെെസും
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലെല്ലാം
എക്സെെസ് വ്യാപക പരിശോധനകളാണ് നടത്തുന്നത്.ബോധവത്കരണ പരിപാടികൾക്കൊപ്പം എൻഫോഴ്സ്മെന്റ് നടപടികളും വ്യാപിപ്പിക്കാനാണ് തീരുമാനം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ എക്സെെസ് യൂണിറ്റുകളും സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രധാനപ്പെട്ട സ്കൂൾ കോളേജ് പരിസരങ്ങളിൽ ഒരു എക്സെെസ് ഉദ്യോഗസ്ഥന് വീതം ചുമതല നൽകിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രധാന അദ്ധ്യാപകർ, പി.ടി.എ, വാർഡ്കൗൺസിലർ, സമീപത്തെ കച്ചവടക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കഴിഞ്ഞ ദിവസം കൊയിലാണ്ടി പൂക്കാട് 23 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ എക്സെെസ് പിടികൂടിയിരുന്നു. നാലോളം സ്കൂളുകൾ പ്രവർത്തിക്കുന്ന പ്രദേശം കൂടിയാണിത്. ഇവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
'' സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനയാണ് എക്സെെസ് നടത്തുന്നത്. സ്കൂളിന് സമീപത്തെ കടകളിൽ നിന്ന് കഴിക്കുന്ന മിഠായികൾ വരെ സൂക്ഷിക്കണം. രക്ഷിതാക്കളും അദ്ധ്യാപകരും ഇതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.
--ആർ.എൻ ബൈജു, അസി. എക്‌സൈസ് കമ്മിഷണർ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |