മുതിരേരി (വയനാട്): കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കമിട്ട് വയനാട്ടിലെ മുതിരേരി ശിവക്ഷേത്രത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് വാൾ എഴുന്നളളിച്ചു. എടവത്തിലെ ചോതി നാളായ ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂർ കൂത്തുപറമ്പ് എടയാർ മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി വാളുമായി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ഓടിയും നടന്നുമായി യാത്ര പുറപ്പെട്ടു. സന്ധ്യയോടെ വാൾ കൊട്ടിയൂരിലെത്തി. വാളുമായി പുറപ്പെടുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൻ ഭക്തജനങ്ങളാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി മുതിരേരിയിൽ എത്തിയത്. കഴിഞ്ഞ 19 വർഷമായി മുതിരേരിയിൽ നിന്ന് വാൾ എഴുന്നളളിക്കുന്നത് സുരേഷ് നമ്പൂതിരിയാണ്. ചടങ്ങുകൾക്ക് മേൽശാന്തി മൂഴിയോട്ട് ഇല്ലം സുരേന്ദ്രൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. വൈശാഖ് നമ്പൂതിരി, വട്ടംകുന്ന് ഹരികൃഷ്ണൻ നമ്പൂതിരി, എടയാർ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ചന്ദ്രശേഖരൻ,കുട്ടൻ കെ.കെ, സുരേഷ് കുമാർ, വിദ്യാ വിനോദൻ എന്നിവർ നേതൃത്വം നൽകി. വാൾ എഴുന്നളളിച്ചതിന് ശേഷം ക്ഷേത്രം മൂപ്പൻ കരിമത്തിൽ ഉന്നതിയിലെ ഹരിദാസ് ക്ഷേത്രത്തിലെ വഴികളെല്ലാം മുളള് കൊണ്ട് അടച്ചു. കൊട്ടിയൂർ ഉത്സവം സമാപിച്ചതിന് ശേഷം മിഥുന മാസത്തിലെ ചിത്ര നക്ഷത്രത്തിൽ മാത്രമേ ഇനി മുതിരേരി ക്ഷേത്രത്തിലേക്ക് വാൾ തിരിച്ച് എഴുന്നളളിക്കുകയുളളു.അതുവരെ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. ഈ കാലയളവിൽ മുതിരേരി പ്രദേശത്ത് മംഗള കർമ്മങ്ങൾ നടക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |