ബേപ്പൂർ: ട്രോളിംഗ് ബോട്ടുകൾക്ക് ഇന്ന് അർദ്ധരാത്രി മുതൽ ജൂലായ് 31 വരെ നിരോധനം. കടൽ കനിയാത്തതും തുടർച്ചയായി വന്ന പ്രതികൂല കാലാവസ്ഥയും യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും രാസവാതക കണ്ടെയ്നറുകൾ ഉൾപ്പെട്ട കപ്പൽ മുങ്ങിയ സംഭവവും മത്സ്യബന്ധന മേഖലയെ പൂർണമായും മന്ദഗതിയിലാക്കിയതിന് പിന്നാലെ 52 ദിവത്തേക്കുള്ള ട്രോളിംഗ് നിരോധനവും വരുന്നതോടെ മത്സ്യബന്ധന മേഖല പൂർണമായും വറുതിയിലാവും. നഷ്ടം സഹിക്കാൻ കഴിയാതെ ട്രോളിംഗ് നിരോധനത്തിന് മുമ്പെ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി കരയിലേക്ക് കയറ്റി തുടങ്ങി. കഴിഞ്ഞ ട്രോളിംഗ് നിരോധന കാലയളവിൽ ലഭിക്കാതിരുന്ന സൗജന്യ റേഷനും സമാശ്വാസ നിധിയും ഈ നിരോധനയളവിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്സ്യ തൊഴിലാളികൾ ' നിരോധനത്തിന് മുമ്പേ അന്യ സംസ്ഥാന തൊഴിലാളികളിൽ ഏറെയും തിരിച്ചു പോയതോടെ 50 ശതമാനം ബോട്ടുകളും നിരോധനത്തിന് മുമ്പെ മത്സ്യബന്ധനം നിറുത്തിയിരുന്നു. വർഷങ്ങളായി തുടരുന്ന ഹാർബറിലെ ശോച്യാവസ്ഥയ്ക്കും പരിഹാരമായില്ല. വാർഫിലെ സ്ഥല പരിമിതി , കുടിവെള്ള വിഷയം, ഐസിന്റെ ദൗർലഭ്യം , ഡീസൽ സബ്സിഡി മാലിന്യം നിറഞ്ഞ ഓടകൾ എല്ലാം ബേപ്പൂർ ഹാർബറിനെ തളർത്തിയ സ്ഥിതിയാണ്. കടക്കെണി മൂലം 15 ഓളം ബോട്ടുകളാണ് സ്ക്രാപ്പ് വിലക്ക് വിറ്റൊഴിച്ചത്. അശാസ്ത്രീയ മത്സ്യബന്ധനത്തിന്റെ പേരിൽ ഭീമമായ പിഴ ചുമത്തലിന് പുറമെ ബോട്ടിലെ മത്സ്യവും പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പിന്റെ ശിക്ഷാരീതിയും ഈ മേഖലയെ കൂടുതൽ തളർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |