കോഴിക്കോട്: കുട്ടികളെ തട്ടിക്കൊണ്ട് പോകൽ കേസുകൾ കൂടുന്നതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് രജിസ്റ്റർ ചെയ്തത് 1,084 കേസുകളാണ്. 2020 മുതൽ ഈ വർഷം വരേയുള്ള കണക്കുകളാണിത്. ഈ വർഷം ഏപ്രിൽ വരെ 50 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയിൽ ആറ് കേസുകളും റിപ്പോർട്ട് ചെയ്തു. 18 വയസിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. അതേ സമയം തട്ടിക്കൊണ്ട് പോകൽ കേസുകൾ കൂടുമ്പോഴും ഭൂരിഭാഗം കുട്ടികളേയും പൊലീസ് കണ്ടെത്തുന്നുണ്ട്. മാനസിക സംഘർഷം മൂലം വീടുവിട്ടിറങ്ങുന്നവരാണ് കൂടുതൽ പേരും. ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നു കളയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതര സംസ്ഥാനക്കാർ എന്നിവരാണ് തട്ടി കൊണ്ടു പോകുന്നതിനു പിന്നിൽ. കഴിഞ്ഞ ദിവസവും പട്ടാപ്പകൽ ബീച്ച് പരിസരത്ത് നിന്ന് ഏഴു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളിലും വർദ്ധനവ്
കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2020 മുതൽ ഈ വർഷം ഏപ്രിൽ വരെ സംസ്ഥാനത്ത് 26,870 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ 1,771 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ റൂറൽ ജില്ലയിലാണ് കൂടുതൽ കേസുകൾ. 895 എണ്ണം. ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത 84 കേസുകളും സിറ്റി പരിധിയിലാണ്. ഈ വർഷം ഏപ്രിൽ വരെ മാത്രം 1,551 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ കൂടുമ്പോഴും അവരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ പരാജയമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേ സമയം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ പുറത്തുവരുന്നത് ആശ്വാസകരവുമാണ്.
വർഷം........കേസ്
2020............ 195
2021.............257
2022............279
2023...........191
2024...........112
2025(ഏപ്രിൽ) ...........50
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |