@ പ്രതികരണങ്ങളിലൂടെ
കോഴിക്കോട് : ഹെെസ്കൂൾ ക്ലാസുകളിലെ പഠനസമയം അര മണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യസ വകുപ്പ് പുറത്തിറക്കിയ ടൈംടേ ബിൾ ചർച്ചയാവുന്നു. അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. സമയമാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും എതിർപ്പുണ്ടെങ്കിൽ പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പുതിയ ക്രമം നടപ്പാക്കുന്നതെന്നാണ് വിശദീകരണം. മത സംഘടനകളുൾപ്പെടെ എതിർപ്പുമായി രംഗത്തെത്തിയതോടെ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പഠന സമയത്തിൽ മുഖ്യമായും അഭിപ്രായം പറയേണ്ടത് അദ്ധ്യാപകരാണ്. അവരെക്കൂടി ബാധിക്കുന്ന വിഷയമാവുമ്പോൾ ഗൗരവം ഏറും. സമയക്രമത്തിൽ പ്രതികരണം തേടുകയാണ് കേരളകൗമുദി.
''വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ സമയം പരിഷ്കരിക്കുന്നതിനോട് എതിർപ്പില്ല. പക്ഷേ, കൃത്യമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമേ ഇത്തരം നിയമങ്ങൾ പ്രാവർത്തികമാക്കാവൂ. കുട്ടികളുടെ ട്യൂഷൻ, മദ്രസ പഠനം ഇവയെയൊന്നും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അദ്ധ്യാപക സംഘടനകളോടും അഭിപ്രായം തേടണം.
- ടി.കെ അസീസ് ( കെ.എസ്.ടി.യു സംസ്ഥാന സീനിയർ വെെസ് പ്രസിഡന്റ് )
'' ഹെെസ്കൂളിലെ പഠനസമയം ഉയർത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും. മിക്ക സ്കൂളുകളും അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകളുള്ളവയാണ്. ഹയർ സെക്കൻഡറി ഒഴികെയുള്ള എല്ലാ ക്ലാസുകളും ഏകീകരണ സ്വഭാവത്തിലാണ് പ്രവർത്തിക്കുന്നത്. നിവവിലെ സമയമാറ്റം ഇതിനെ തകർക്കും. അവസാന പിരീഡ് 30 മിനിറ്റാക്കിയത് എത്രത്തോളം ഗുണപ്രദമാകും എന്നത് സംശയമാണ്. കൃത്യമായ ചർച്ചകൾക്കും പഠനങ്ങൾക്കുമൊടുവിൽ എടുക്കേണ്ട തീരുമാനമാണ്.
- ടി.ടി ബിനു ( കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് )
ശനിയാഴ്ചകളിൽ ക്ലാസെടുക്കുന്നത് കുറയ്ക്കാൻ എൻ.ടി.യുവാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പക്ഷേ, ഇത് ഏകപക്ഷീയമായി നടപ്പാക്കുന്നതാണ് പ്രശ്നം. പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുമായി ആലോചിക്കാതെ നടപ്പാക്കിയ തീരുമാനമാണ്.
- ബെെജു.സി (എൻ.ടി.യു നോർത്ത് സോൺ പ്രസിഡന്റ് )
'' വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് നിലവിലെ പരിഷ്കാരം. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പാക്കിയത്. ഇത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാത്തവരാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ.
- ഇ.കെ.എ ഷാഫി ( കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് )
" സ്കൂളുകളെ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് പോകുന്നവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ സമയമാറ്റവും ബാധിക്കും. 15 മിനിറ്റ് ഇങ്ങോട്ടും അങ്ങോട്ടുമെന്നത് കുട്ടികളുടെ പഠനത്തിന് വേണ്ടിയാണെന്നതിനാൽ ഒപ്പം നിൽക്കും. ഉൾപ്രദേശങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് ചെറിയ കുഴപ്പമുണ്ടാകുക. പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
- നിസാർ, ഓട്ടോ ഡ്രെെവർ മാനാഞ്ചിറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |