തിരുനെല്ലി: ചിലങ്ക കെട്ടി ചെമ്പട്ടണിഞ്ഞ് തിരുനെല്ലി പെരുമാളിന്റെ അനുഗ്രഹവും വാങ്ങി അവർ നാട് നീക്കാനിറങ്ങി. ഇനി, തിരുനെല്ലിയിലെ മുഴുവൻ വനഗ്രാമത്തിലെ വീടുകളും കയറിയിറങ്ങി മാരിയായി പെയ്തിറങ്ങുന്ന മുഴുവൻ ദുരിതങ്ങളെയും അസുഖങ്ങളെയും അകറ്റാനായി ആടുകയും പാടുകയും ചെയ്യും. യാത്ര മൂന്ന് നാൾ നീണ്ട് നിൽക്കും. അടിയസമുദായത്തിൽപ്പെട്ട ആണുങ്ങൾ സ്ത്രീ വേഷം കെട്ടിയാണ് ചടങ്ങിനിറങ്ങിക. ഇന്നലെ ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ പെരുമാളിന്റെ അനുഗ്രഹവും വാങ്ങി ഉച്ച പൂജക്ക് ശേഷം 'നാട് നീക്കാ'നിറങ്ങി. കാലങ്ങളായി നടത്തുന്ന അനുഷ്ഠാന ചടങ്ങ്. ചുവന്ന സാരിയുടത്ത് കാലിൽ ചിലങ്ക കെട്ടി തുടിയുടെയും ചീനിയുടെയും താളത്തിനൊത്ത് പാടി ചുവടുവച്ചാണ് നാട് നീക്കൽ സംഘത്തിന്റെ വരവ്. ഒരു കാലത്ത് വസൂരിയും മലമ്പനിയും വയനാടിനെ കാർന്ന് തിന്നിരുന്നു. അതിൽ നിന്ന് നാടിനെ രക്ഷിക്കാൻ വേണ്ടി മാരിയമ്മയെ സ്തുതിച്ച് കൊണ്ടുളളതാണ് ഈ ചടങ്ങ്. തിരുനെല്ലി ക്ഷേത്ര പരിസരത്ത് വച്ച് ഗുഡികയിൽ മാരിയമ്മയെ ആവാഹിച്ചായിരുന്നു യാത്ര.
കോരിച്ചൊരിയുന്ന കാലവർഷത്തെ വകവെക്കാതെയുളള അനുഷ്ഠാന ചടങ്ങ്. നാട് നീക്കാനെത്തിയവരെ അരിയിട്ട് വാഴിച്ച് നിലവളിക്ക് കത്തിച്ചാണ് ഭക്ത ജനങ്ങൾ വരവേറ്റത്. അരിയും നെല്ലും തേങ്ങയും മുളകും ഉപ്പും മഞ്ഞളും നൂറും എല്ലാം ഉമ്മറത്ത് വച്ചു. കൊല്ലിമൂല ജോഗിയുടെ നേതൃത്വത്തിലുളള ഇരുപതോളം പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരുനെല്ലി പ്രദേശത്ത് നാട് നീക്കൽ ചടങ്ങ് തുടങ്ങിയത്. മഞ്ഞൾ ചേർന്ന ഓഷധക്കൂട്ട് തളിച്ച് മൂന്ന് തവണ വീടുകളെ വലം വച്ചു. സകല രോഗങ്ങളെയും ദുരിതങ്ങളെയും അകറ്റാനാണിത്. വീടുകളിൽ നിന്ന് ദക്ഷിണയും വാങ്ങി യാത്രയാവുന്ന സംഘം, രാത്രി ഓരോ ഉന്നതികളിൽ വാസിക്കും. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലേക്ക് തിരുനെല്ലിയിൽ നിന്ന് ഭൂതത്തെ പറഞ്ഞയച്ചതിന് ശേഷമാണ് ആദിവാസികൾ നാട് നീക്കൽ ചടങ്ങിന് ഇറങ്ങിയത്. അതാണ് പതിവ്. രണ്ട് ദിനം കഴിഞ്ഞ് തിരുനെല്ലിയിലെ മുഴുവൻ വീടുകളിലും കയറിയിറങ്ങി നാട് നീക്കിയ ശേഷം കാളിന്ദിയിൽ മാരിയെ നിമജ്ജനം ചെയ്യും. അതോടെ നാട് നീക്കൽ ചടങ്ങ് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |