ബേപ്പൂർ : ഞായറാഴ്ചകളിൽ ഏത് ഹോട്ടലിലും പഴകിയതോ പുഴുവരിച്ചതോ ആയ ഭഷ്യവസ്തുക്കൾ വിൽക്കാം. കാരണം ' പഴകിയ ഭക്ഷണം പരിശോധിക്കാൻ ഞായറാഴ്ചകളിൽ ലാബ് സൗകര്യമില്ല. ഇന്നലെ ബേപ്പൂർ ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നിന്ന് പാർസലായി വാങ്ങിയ ചിക്കൻകറിയിൽ പുഴുവരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടലിൽ തിരിച്ചെത്തി യുവാവ് പ്രതിഷേധിച്ചെങ്കിലും യാതൊരു പ്രതികരണവും ഉടമയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചെത്തിയ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഹോട്ടൽ സന്ദർശിക്കുകയല്ലാതെ ഒരു നടപടിയും സ്വീകരിച്ചതുമില്ല. ഹോട്ടലിൽ നിന്ന് പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ ഞായറാഴ്ചകളിൽ ലാബ് സൗകര്യമില്ലാത്തതിനാൽ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുക്കുന്നില്ലെന്നും പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷ്യവസ്തുക്കൾ രണ്ട് മണിക്കൂറിനുള്ളിൽ പരിശോധന നടന്നാൽ മാത്രമേ കേസിന് ഗുണകരമാകൂ എന്നാണ് അധികൃതർ പറയുന്നത്. കോർപ്പറേഷൻ ശുചീകരണ വിഭാഗം ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഹോട്ടൽ ശുചീകരിക്കാൻ നിർദ്ദേശം നൽകി ഉദ്യോഗസ്ഥർ മടങ്ങി . നിലവിൽലാബ് സൗകര്യമില്ല എന്നാണ് സ്ഥലത്തെത്തിയ ബേപ്പൂർ പൊലീസിന് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനിൽ നിന്ന് കിട്ടിയ മറുപടി . പ്രതിഷേധിച്ചവരെ പ്രതികൂട്ടിലാക്കുവാനും വിഷയം രാഷ്ട്രീയവത് ക്കരിക്കുവാനും ശ്രമം നടന്നു. നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെ അധികൃതരുടെ സഹായത്തോടെ ഹോട്ടലിൽ നിന്ന് പഴയ ചിക്കൻ കറി ഒഴിവാക്കിയെന്നും ആരോപണമുയർന്നു. ഈ ഹോട്ടലിനെതിരെ പഴകിയ ഭക്ഷ്യവസ്തു ങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നേരത്തെ കേസെടുത്തിരുന്നു. രണ്ട് ആഴ്ചയോളം സ്ഥാപനം അടച്ചിടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |