കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. നിലവിൽ കോഴിക്കോട് നിപ കേസുകളില്ലെങ്കിലും രോഗലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി.
കരുതൽ ഇങ്ങനെ
പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്.
വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ വിസർജ്യം എന്നിവ കലരാത്ത രീതിയിൽ ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കുക.
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക, കൈകൾ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക.
എന്താണ് നിപ ?
നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.
രോഗലക്ഷണങ്ങൾ
പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
സംശയ നിവാരണത്തിന് വിളിക്കാം
04952373903
ദിശ ഹെൽപ് ലൈൻ നമ്പർ
1056
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |