കോഴിക്കോട് ജില്ലയിലെ കർഷക തൊഴിലാളി പ്രസ്ഥാനത്തിന് വിത്തുവീണത് മേപ്പയ്യൂരിലാണ്. അതും കർഷക തൊഴിലാളി സംഘാടകനും നേതാവുമായിരുന്ന വി.എന്റെ കാർമികത്വത്തിൽ. 1969ൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ കോഴിക്കോട് ജില്ലാ രൂപീകരണ സമ്മേളനം മേപ്പയ്യൂരിലെ മഞ്ഞക്കുളത്ത് വാരിയർകണ്ടി ശങ്കരന്റെ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിലായിരുന്നു . വി.എസായിരുന്നു ഉദ്ഘാടകൻ. കെ.വി. ആര്യൻ മാസ്റ്റർ (പ്രസിഡന്റ്) എ . കണാരൻ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി ആദ്യ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കെ.കെ രാഘവനായിരുന്നു സ്വാഗത സംഘം ജനറൽ കൺവീനർ. മഞ്ഞക്കുളം സമ്മേളനം കർഷക തൊഴിലാളികളുടെ ജീവത്തായ പ്രശ്നങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർത്തി കൊണ്ടുവരാൻ തീരുമാനിച്ചു. മാന്യമായ പെരുമാറ്റത്തിനും കൂലിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം. തെങ്ങുകയറ്റ തൊഴിലാളികൾക്ക് 10 തെങ്ങിന് 4 തേങ്ങ കൂലി നേടിയെടുക്കുന്നതിന് ജില്ലാ സമ്മേളനവും തുടർന്ന് കീഴൂരിൽ ചേർന്ന കൊയിലാണ്ടി താലൂക്ക് കൺവൻഷനും തീരുമാനിച്ചു. എ.കെ.ജിയായിരുന്നു സമര പ്രഖ്യാപനം നടത്തിയത്.കെ.സി ആര്യൻ മാസ്റ്റരും കെ.കെ.രാഘവനുമായിരുന്നു താലൂക്ക് ഭാരവാഹികൾ .
അവകാശങ്ങൾ നേടിയെടുക്കുന്നതിനും പ്രതിസന്ധികളെ പതറാതെ നേരിടുന്നതിനും വി.എസിന്റെ നേതൃത്വവും സാന്നിദ്ധ്യവും മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ ആത്മവിശ്വാസവും കരുത്തുമാണ് നൽകിയതെന്ന് സി.പി.എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ കെ ടി രാജൻ സ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |