ക്രോധവും കാമവും തിങ്ങിവിങ്ങി പുതുതലമുറ വലിയ വിപത്തുകളിലേക്കും കൊലപാതകങ്ങളിലേക്കും കൂപ്പുകുത്തുകയാണിപ്പോൾ. ജീവിതംതന്നെ ലഹരിയാകണമെങ്കിലും അതുവിട്ട് മാരക ലഹരി തേടുന്ന യുവാക്കളുടെ എണ്ണവും കൂടുകയാണ്. ഈ സാഹചര്യത്തിൽ സാന്ത്വനത്തിന്റെ പാഠം പകരുന്നുണ്ട് രാമായണം. യുവ മനസുകളെ കൗൺസിലിംഗ് ടെക്നിക്കിലൂടെ ശാന്തിയുടെ ചിദാകാശത്തിലേക്ക് എത്തിക്കാനാകുന്ന ഭാഗങ്ങൾ രാമായണത്തിലുണ്ട്. അദ്ധ്യാത്മ രാമായണം അയോദ്ധ്യാകാണ്ഡത്തിലെ വിച്ഛിന്നാഭിഷേകം എന്ന ഭാഗത്തുള്ള ലക്ഷ്മണ സാന്ത്വനം കാലാതിവർത്തിയാണ്.
ദശരഥൻ കൈകേയിക്ക് നൽകിയ വാക്ക് പാലിക്കാൻ ശ്രീരാമന് രാജ്യം ത്യജിച്ച് വനത്തിലേക്ക് പോകേണ്ടി വരുന്നു. ഈ വിവരമറിഞ്ഞ ലക്ഷ്മണൻ ക്രുദ്ധനാകുന്നു. കോപത്താൽ മതിമറന്ന ലക്ഷ്മണൻ പിതാവിനെതിരെ വാക്ശരങ്ങൾ തൊടുക്കുന്നു. ധർമ്മപാലനത്തിനു വേണ്ടി പിതാവിനെ ബന്ധിച്ചായാലും ശ്രീരാമനെ രാജാവാക്കണമെന്ന് ശഠിക്കുകയും ചെയ്യുന്നുണ്ട്. ശ്രീരാമനോടുള്ള സ്നേഹാതിരേകത്താൽ ക്രോധത്തിന് അടിമപ്പെട്ട ലക്ഷ്മണനെ ശ്രീരാമന്റെ സാന്ത്വനം നിറഞ്ഞ വാക്കുകൾ ശരിയായ ബോദ്ധ്യത്തിലേക്ക് എത്തിക്കുന്നു. ഈ വാക്കുകൾ പുതുതലമുറയ്ക്ക് നന്മയിലേക്ക് എത്തിച്ചോരാൻ മാർഗനിർദ്ദേശം നൽകുന്നവയാണ്.
സ്നേഹം വഴിഞ്ഞൊഴുകുന്ന അഭിസംബോധനകളിലൂടെ തിരിച്ചറിവിലേക്കുള്ള വാതിൽ തുറക്കുന്ന മാന്ത്രിക വാക്കുകളാണ് ലക്ഷ്മണനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. മന:ശാസ്ത്രത്തിൽ കൗൺസിലിംഗിനുള്ള സ്ഥാനം അദ്വിതീയമാണ്. കുടുംബത്തിലെ അസ്വാരസ്യങ്ങളിൽ മുതിർന്നവർ നൽകുന്ന സുചിന്തിതമായ വാക്കുകളും വഴികളും രക്ഷാമാർഗങ്ങളാകാറുണ്ട്.
ക്രോധം കൊണ്ട് അന്ധനായ അനുജൻ ലക്ഷ്മണനെ നേർവഴിയിലേക്ക് തിരിച്ചുവിടുന്ന തത്വചിന്താപരമായ വരികളാണ് ലക്ഷ്മണ സാന്ത്വനത്തിലുള്ളത്. കോപിഷ്ഠനായ അനുജനെ 'വൽസ', 'സൗമിത്രേ', 'കുമാര' എന്നെല്ലാമാണ് സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്നത്. ക്രോധാഗ്നിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പര്യാപ്തമായ സംബോധനകളാണിവ.
ജീവിതത്തിന്റെ നശ്വരതയെപ്പറ്റിയും ക്രോധമുണ്ടാക്കുന്ന വിപത്തുകളെപ്പറ്റിയും അധമ വികാരങ്ങൾക്കടിമപ്പെടാതെ വിവേകത്തിന്റെ നേർപാത പിന്തുടരാനും ശ്രീരാമന്റെ വാക്കുകൾ ഉപകരിക്കും. പെരുവഴിയമ്പലത്തിൽ ഒത്തുകൂടി പിരിഞ്ഞു പോകുന്ന പാന്ഥരെപ്പോലെ ജീവിതവഴിയിൽ കണ്ടുമുട്ടുന്നവരെല്ലാം അൽപ്പസമയം മാത്രം ഇവിടെ ഒരുമിച്ച് പിരിഞ്ഞു പോകുന്നവരാണ്.
രാജ്യാധികാരത്തിനും സ്വത്തിനും സ്ഥാനമാനങ്ങൾക്കും മറ്റുമായി സഹോദരന്മാർ തമ്മിൽ പോലും വഴക്കുകളും കൊലപാതകങ്ങളും നടക്കുമ്പോൾ അച്ഛൻ നൽകിയ വാക്കു പാലിക്കാൻ രാജ്യാധികാരം വെടിഞ്ഞ് വനവാസത്തിന് പോകുന്ന ശ്രീരാമൻ എക്കാലത്തേയും മര്യാദാ പുരുഷോത്തമൻ തന്നെയാണ്.
(കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |