വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീരാമസ്വാമിയുടെ കഥയാണ് രാമായണം. എന്നിരുന്നാലും ഇതിൽ ശിവഭക്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. രാവണനും ശ്രീരാമനും ആരാധിക്കുന്നത് ഒരേ മൂർത്തിയെയാണ്. മഹാദേവന്റെ ഏറ്റവും വലിയ ഭക്തനും ശിവതാണ്ഡവസ്തോത്രം രചിച്ചതും രാവണനാണ്. കഠിനതപസിലൂടെ ശിവഭഗവാനെ പ്രീതിപ്പെടുത്തിയ രാവണൻ പല സന്ദർഭങ്ങളിലും ശിവഭക്തി തെളിയിക്കുന്നുമുണ്ട്. അതുപോലെ ശ്രീരാമസ്വാമിയും മഹാദേവന്റെ പരമ ഭക്തനാണ്. ഭഗവാനെ പ്രീതിപ്പെടുത്തി അദ്ദേഹം പാശുപതാസ്ത്രം നേടി. രാമേശ്വരത്തെ മഹാദേവന്റെ പ്രതിഷ്ഠ നടത്തിയതും ശ്രീരാമസ്വാമിയാണ്. രാമായണത്തിൽ പലതവണ ശിവപൂജയുടെയും ശിവഭക്തിയുടെയും സന്ദർഭങ്ങളുമുണ്ട്.
രാവണന്റെ ശിവഭക്തി
അഹങ്കാരം കൊണ്ടും കടിഞ്ഞാണില്ലാത്ത ജീവിതം കൊണ്ടും ദുഷ്ട രാജാവായിട്ട് മാത്രമേ നമുക്ക് രാവണനെ അറിയുകയുള്ളൂ. എന്നാൽ രാവണന്റെ ശിവഭക്തിയെ കുറിച്ച് അധികമാർക്കും അറിയില്ല. ശിവനോടുള്ള രാവണന്റെ ഭക്തിയുടെ പ്രതീകമാണ് ശിവതാണ്ഡവസ്തോത്രം. രാവണൻ രചിച്ചതായി പറയുന്ന ഇത് 16 ശ്ലോകങ്ങളുള്ളതും സംസ്കൃതത്തിൽ ചിട്ടപ്പെടുത്തിയതുമാണ്. മഹാദേവനോടുള്ള വിനയവും ഭക്തിയും സ്നേഹവും താളാത്മകമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. മഹാദേവനെ നടരാജനായി വാഴ്ത്തുന്നതും രാവണന്റെ താണ്ഡവ സ്തോത്രത്തിലൂടെയാണ്. മഹാദേവന്റെ ഓരോ ചലനവും പ്രപഞ്ചത്തിന്റെ ഭാവങ്ങളായി രാവണൻതന്നെ ഇതിൽ ചിത്രീകരിക്കുന്നുമുണ്ട്.
രാവണന്റെ ജീവിതത്തിൽ പല ദോഷങ്ങളും കാണാമെങ്കിലും അദ്ദേഹത്തിന്റെ ശിവഭക്തി പറഞ്ഞാൽ തീരാത്തതാണ്. അതുകൊണ്ടുതന്നെ രാവണന് മഹാദേവൻ തന്നെ ശിവലിംഗം നൽകി. അത് ലങ്കയിൽ നിത്യവും രാവണൻ പൂജിച്ചുവെന്നും പറയുന്നുണ്ട്. രാവണന്റെ ദുഷ്ടമനസിനെയും അഹങ്കാരത്തെയും മുഴുവൻ മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ ശിവഭക്തി. അതുകൊണ്ടാണ് ശ്രീരാമസ്വാമിയാൽ വധിക്കപ്പെട്ട് അദ്ദേഹത്തിന് മോക്ഷപ്രാപ്തിയുണ്ടായതെന്നും രാമായണകഥ ഓർമ്മിപ്പിക്കുന്നു.
ശ്രീരാമന്റെ ശിവഭക്തി
ശ്രീരാമന്റെ ശിവഭക്തി ഏവർക്കും അറിയുന്നതാണല്ലോ. ഉത്തമ പുരുഷനായ ശ്രീരാമസ്വാമി ഭക്തിയുടെയും വിനയത്തിന്റെയും പ്രതീകമായി രാമായണ കഥയിലുടനീളം വർണ്ണിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ശിവ പ്രണയത്തിന്റെ അവസാനമാണ് ഭഗവാൻ ശ്രീരാമസ്വാമിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിയുന്നതും വരമായി പാശുപതാസ്ത്രം നൽകുന്നതും. മോക്ഷപ്രാപ്തിക്ക് ഏറ്റവും പ്രധാനപ്പെട്ടത് രാമനാമ ജപമാണ്. ശിവഭഗവാൻ പോലും രാമനാമം ജപിക്കാറുണ്ടെന്നതും മഹാദേവനും ശ്രീരാമസ്വാമിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. രണ്ടുപേരും പരസ്പര ബഹുമാനം പങ്കിടുന്നതും കാണാം. ജീവിതത്തിൽ കൊണ്ടുനടക്കേണ്ട സ്നേഹത്തിന്റെയും ആദരവിന്റെയും തത്വങ്ങളാണ് രാമായണകഥ നമ്മെ പഠിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |