തന്നെക്കാൾ വലിയവനായി മറ്റാരുമില്ലെന്ന് കരുതുന്നവർക്ക് വലിയൊരു പാഠമാണ് രാമായണത്തിലെ ഭാർഗ്ഗവഗർവഭംഗം.
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ?
മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ-' ബാലകാണ്ഡത്തിന്റെ അവസാനഭാഗത്ത്
അരങ്ങേറുന്ന അത്യന്തം നാടകീയവും ഉദ്വേഗജനകവുമായ സന്ദർഭമാണിത്.
ശൈവചാപം കുലച്ച് സീതയെ വരിച്ച് ദശരഥന്റെ സദസിൽ നിന്ന് പരിവാര സമേതമെത്തുന്ന ശ്രീരാമന്റെ വഴിയിൽ നിൽക്കുകയാണ് ക്ഷിപ്രകോപിയും ക്ഷത്രിയരുടെ ആജന്മശത്രുവുമായ പരശുരാമൻ. 'ശൈവചാപം എടുത്തു കുലച്ച നിനക്ക് സാധിക്കുമെങ്കിൽ ഈ വൈഷ്ണവചാപം ഒന്നു കുലച്ചുനോക്കൂ!' എന്ന് വെല്ലുവിളിക്കുന്നു.തന്നെക്കാൾ പ്രാഗത്ഭ്യമുള്ളയാൾ മൂന്നു ലോകത്തുമില്ല, ഇനി ഉണ്ടാവുകയുമില്ലെന്ന ഉറച്ച വിശ്വാസവും അഹങ്കാരവുമാണ് പരശുരാമന്. ശ്രീരാമൻ ശാന്തസ്വരൂപിയും മര്യാദാപുരുഷോത്തമനുമാണെങ്കിൽ ഭാർഗവരാമൻ കോപത്തിന്റെ ആൾരൂപമാണ്. കോപിഷ്ഠരുടെ അടവാണ്, ഭയപ്പെടുത്തി യുദ്ധത്തിനു വെല്ലുവിളിക്കുകയെന്നത്. അതുതന്നെയാണ് പരശുരാമനും പയറ്റിയത്. ലക്ഷ്മണോപദേശത്തിലൂടെ, മറ്റൊരു സന്ദർഭത്തിൽ കോപത്തിൻ്റെ ദോഷത്തെക്കുറിച്ച് ശ്രീരാമൻ പറയുന്നുണ്ട്. കോപത്തെ ഏറ്റവും ഭംഗിയായി അടക്കാൻ കഴിവുള്ളയാളാണ് അദ്ദേഹം.
ഇവിടെ സ്വയം താണുകൊടുത്തുകൊണ്ട് അഹങ്കാര പർവതത്തിന്റെ കൊടുമുടിയിലിരിക്കുന്ന പരശുരാമനെ ശാന്തനാക്കാൻ ശ്രീരാമന് കഴിയുന്നു.
'ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ,
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നൂ?'
കൊച്ചുകുട്ടിയായ തന്നെപ്പോലെയുള്ളവരോട് ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ മഹാതാപസി ഏറ്റുമുട്ടാൻ വന്നാൽ നിസാരനായ ഞാൻ എന്തുചെയ്യും? ഇതാണോ അങ്ങയുടെ ആശ്രമധർമ്മം? തന്നോട് യുദ്ധത്തിന് വെല്ലുവിളിച്ച പരശുരാമനെ താണുതൊഴുത് ശാന്തനാക്കുന്ന ശ്രീരാമനെ നമുക്കിവിടെ കാണാം.
സംയമനത്തിലൂടെ എല്ലാം നേടാം
ക്രോധംകൊണ്ട് കത്തിജ്വലിക്കുന്നവരെ ശാന്തരാക്കാൻ സമാധാനത്തോടെയുള്ള പെരുമാറ്റത്തിലൂടെ കഴിയുമെന്ന് ഈ സന്ദർഭത്തിൽ നിന്ന് വെളിവാകുന്നു. പലപ്പോഴും നമ്മൾ മറന്നുപോകുന്നതാണിത്. വലിയ യുദ്ധങ്ങൾവരെ സമാധാനസന്ദേശം കൊണ്ട് നിഷ്പ്രയാസം അവസാനിപ്പിക്കാമെന്ന് ശ്രീരാമൻ ഇവിടെ കാണിച്ചുതരുന്നു.
മഹാദേവൻ പോലും ബഹുമാനിക്കുന്ന അങ്ങയെ നിസാരനായ ഞാൻ എതിരാടാൻ ആളാണോ? എന്ന ചോദ്യത്തിൽ പരശുരാമൻ തണുക്കുന്നു. 'അങ്ങയുടെ വാക്ക് ഞാൻ ധിക്കരിക്കുന്നില്ല. വൈഷ്ണവചാപം തന്നാലും ഞാൻ കുലച്ചു നോക്കാം.' എന്നുപറഞ്ഞ് ആദരവോടെ കുലച്ചു കാണിക്കുമ്പോൾ
പരശുരാമനിൽ അവശേഷിച്ചിരുന്ന കോപവും അഹങ്കാരവും അലിഞ്ഞില്ലാതാകുന്നു. കോപംകൊണ്ട് ആരും ഒന്നും നേടുന്നില്ല. സംയമനം കൊണ്ട് എല്ലാം നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |