ഇന്ത്യയിൽ ബേപ്പൂരും മഹാബലിപുരവും
കോഴിക്കോട്: ബേപ്പൂരിലെ വിനോദ സഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന 'നൂറ് ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിലാണ് ബേപ്പൂർ സ്ഥാനം പിടിച്ചത്. 'സംസ്‌കാരവും പൈതൃകവും' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം. ഏഷ്യയിലെ 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയിൽ നിന്ന് ബേപ്പൂരും തമിഴ്നാട്ടിലെ മഹാബലിപുരവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാ പസഫിക് സിറ്റീസ് കോൺഫറൻസിനോടനുബന്ധിച്ച് ഈ മാസം അവസാനം ദുബായിൽ നടക്കുന്ന 'സുസ്ഥിര വിനോദസഞ്ചാര ഫോറ'ത്തിൽ അംഗീകാര സാക്ഷ്യപത്രം സമ്മാനിക്കും. ബേപ്പൂരിന്റെ ചരിത്രപരമായ പ്രാധാന്യം, മാരിടൈം ബന്ധങ്ങൾ, നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഉരു നിർമ്മാണം, സാഹിത്യ വിനോദസഞ്ചാര സർക്യൂട്ട്, പ്രകൃതിയെയും സമൂഹത്തെയും പരിഗണിച്ചുള്ള സുസ്ഥിര വിനോദസഞ്ചാര വികസനം എന്നിവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. ഉരു പൈതൃക സംരക്ഷണം, വിനോദസഞ്ചാര ഉത്പന്നമെന്ന നിലയിലുള്ള പ്രചാരണം എന്നീ മേഖലകളിൽ ബേപ്പൂരിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രത്യേക പ്രശംസ നേടി. സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട 30 സൂചികകളുടെ റിപ്പോർട്ട് ഇതിനായി സമർപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ ഏകോപിപ്പിച്ചത്. കഴിഞ്ഞ നാലുവർഷമായി വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ബേപ്പൂർ കേന്ദ്രീകരിച്ച് ഒട്ടേറെ വിനോദസഞ്ചാര വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. അടിസ്ഥാനസൗകര്യ വികസനം, അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'ബേപ്പൂർ വാട്ടർഫെസ്റ്റ്', ചാമ്പ്യൻസ് ലീഗ് വള്ളംകളി, സാംസ്‌കാരിക, സാഹിത്യ, ഉത്തരവാദ വിനോദസഞ്ചാര പദ്ധതികൾ എന്നിവയെല്ലാം ലോക വിനോദസഞ്ചാര ഭൂപടത്തിൽ ബേപ്പൂരിനെ അടയാളപ്പെടുത്താൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |